ദുബൈ പൊലീസ് അക്കാദമി ഒരുക്കിയ ബിരുദധാരികളുടെ കുടുംബാംഗങ്ങളെ
ആദരിക്കൽ ചടങ്ങ്
ദുബൈ: 2025-26 അധ്യയനവർഷത്തിലെ ബിരുദധാരികളുടെ കുടുംബങ്ങളെ ആദരിച്ച് ദുബൈ പൊലീസ് അക്കാദമി. ‘ബിരുദധാരികളുടെ മാതാക്കളുടെ ഹൃദയങ്ങളിൽ സന്തോഷം നിറക്കുക’ എന്ന പേരിലാണ് ഹൃദയസ്പർശിയായ പരിപാടി സംഘടിപ്പിച്ചത്. അക്കാദമി പരേഡ് ഗ്രൗണ്ടിൽ ജനുവരി 22ന് നടക്കുന്ന ഔദ്യോഗിക ബിരുദദാന ചടങ്ങിന് മുന്നോടിയായാണ് സംരംഭം ഒരുക്കിയത്.
യു.എ.ഇയിൽ 2026 ‘കുടുംബ വർഷ’മായി ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പരിപാടി ഒരുക്കിയത്. കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും മാതാക്കൾ മക്കളുടെ വിദ്യാഭ്യാസവും വ്യക്തിപരമായ വളർച്ചയും രൂപപ്പെടുത്തുന്നതിൽ വഹിക്കുന്ന നിർണായക പങ്ക് അംഗീകരിക്കുന്നതിനുമായാണ് അക്കാദമി പരിപാടി ഒരുക്കിയത്.ദുബൈ പൊലീസ് അക്കാദമി ഡയറക്ടർ ബ്രി. ഡോ. സുൽത്താൻ അൽ ജമ്മാൽ, ഓഫിസർമാർ, ജീവനക്കാർ, ബിരുദധാരികൾ, സർവകലാശാല വിദ്യാർഥികൾ, ഫൗണ്ടേഷൻ കോഴ്സ് പരിശീലനാർഥികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സംരംഭം കുടുംബ മൂല്യങ്ങളോടുള്ള അക്കാദമിയുടെ ആഴത്തിലുള്ള ആദരവും ഉത്തരവാദിത്തബോധമുള്ള വ്യക്തികളെ രൂപപ്പെടുത്തുന്നതിൽ കുടുംബത്തിന്റെ പങ്കിലുള്ള വിശ്വാസത്തെ പ്രതിനിധീകരിക്കുന്നതുമാണെന്ന് ബ്രി. ഡോ. അൽ ജമ്മാൽ വ്യക്തമാക്കി. ഒരു പൊലീസ് ഓഫിസറുടെ യാത്ര വീട്ടിൽനിന്നാണ് ആരംഭിക്കുന്നതെന്നും മൂല്യങ്ങളും സഹിഷ്ണുതയും ദേശസ്നേഹബോധവും പകർന്നുനൽകുന്നത് മാതാപിതാക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിരുദധാരികൾ സ്വന്തം കൈകളാൽ ബിരുദദാന ക്ഷണക്കത്തുകൾ മാതാക്കൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.