ദുബൈ: മൂന്നു ഘട്ടമായി ദുബൈയിലെ എല്ലാ പാർക്കുകളും പൂർണമായി തുറക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി. ആദ്യ ഘട്ടമായി മേയ് 12 മുതൽ ചില പാർക്കുകൾ നിയന്ത്രണങ്ങളോടെ തുറന്നിരുന്നു. തിങ്കളാഴ്ച മുതൽ തുടങ്ങുന്ന രണ്ടം ഘട്ടത്തിൽ കൂടുതൽ പാർക്കുകൾ തുറന്നുകൊടുക്കാനാണ് തീരുമാനമെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു. 12ന് തുടങ്ങിയ ആദ്യ ഘട്ടത്തിൽ പാർക്കുകളിലെ നടപ്പാതകളും ഫാമിലി സ്ക്വയറുകളും മാത്രമാണ് തുറന്നത്. സബീൽ, അൽസഫ, അൽ ബർഷ സൗത്ത്, അൽ സുഫോ, അൽ മൻഖൂൽ, അൽ ലിസിലീ, നദ അൽ ഷെബ, അൽ ത്വാർ 2,3, മോസ്ക് പാർക്ക്, അൽ മിസ്ഹർ -1, 2, 4, അൽ ഖിസൈസ് -2,3, നദ് അൽ ഹംറ്, അൽ വർഖ 2 തുടങ്ങിയവയാണ് തുറന്നിരുന്നത്. 72 ഫാമിലി സ്ക്വയറുകളും തുറന്നിരുന്നു.
തിങ്കളാഴ്ച തുടങ്ങുന്ന രണ്ടാം ഘട്ടത്തിൽ 70 പാർക്കുകൾ തുറക്കും. പോണ്ട് പാർക്കുകൾ, മിറക്ൾ കേവ്, ഖുർആനിക് പാർക്കിലെ ഗ്ലാസ് ഹൗസ് തുടങ്ങിയവ തുറന്നുകൊടുക്കും.
25 മുതൽ തുടങ്ങുന്ന മൂന്നാം ഘട്ടത്തിൽ മുഷ്രിഫ്, അൽ മംസാർ, അൽ ഖോർ, സബീൽ, അൽ സഫ പാർക്ക് തുടങ്ങിയവയിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. പാർക്കുകൾ തുറക്കുന്നുണ്ടെങ്കിലും കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാവും. ആളുകൾ കൂട്ടംകൂടുന്നതിന് വിലക്കുണ്ടാവും. സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കർശനമായ മുൻകരുതൽ വ്യവസ്ഥകൾ പാലിക്കണമെന്ന വ്യവസ്ഥയിലാണ് പാർക്കുകളിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഘട്ടംഘട്ടമായി നടപ്പാക്കുന്നതിനാൽ വിവിധ ഗുണങ്ങളാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ആവശ്യമെങ്കിൽ മാറ്റംവരുത്താൻ കഴിയും. ഘട്ടമായി തുറക്കുന്നതുമൂലം വൈറസ് വ്യാപനത്തിെൻറ സാധ്യത കുറക്കാൻ കഴിയും. പൂർണമായും അണുമുക്തമാക്കിയ ശേഷമാണ് പാർക്കുകൾ തുറന്നുകൊടുക്കുന്നത്. മാളുകളും വ്യാപാര സ്ഥാപനങ്ങളും പൊതുഗതാഗതവും തുറന്നതിനു പിന്നാലെ പാർക്കുകളും തുറക്കുന്നേതോടെ ദുബൈയിൽ ജനജീവിതം സാധാരണനിലയിലേക്ക് മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.