ദുബൈ: ആപ്പുകളിൽ ഭക്ഷണം ഓർഡർ ചെയ്തുവരുത്തി കഴിക്കുന്നവർക്ക് നിർദേശങ്ങളുമായി ദുബൈ മുനിസിപ്പാലിറ്റി. ഡെലിവറി ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ടാണ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ബോധവത്കരണ വിഡിയോയിലാണ് അടിസ്ഥാന നിർദേശങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. നിർദേശങ്ങൾ ഇവയാണ്:
1. അരമണിക്കൂറിനകം ലഭ്യമാകുന്ന അടുത്തുള്ള റസ്റ്റാറന്റിൽനിന്ന് ഭക്ഷണം ഓർഡർ ചെയ്യാൻ ശ്രദ്ധിക്കുക. ഇതുവഴി പുതിയതും സുരക്ഷിതവുമായ ഭക്ഷണം ആസ്വദിക്കാനാവും.
2. സ്വീകരിക്കുമ്പോൾ ചൂടുള്ള ഭക്ഷണവും തണുത്തതും വേർതിരിച്ച നിലയിലാണെന്ന് ഉറപ്പാക്കുക.
3. പാചകം ചെയ്തതോ ശീതീകരിച്ചതോ ആയ ഭക്ഷണം റൂം താപനിലയിൽ രണ്ടു മണിക്കൂറിലധികം സൂക്ഷിക്കാതിരിക്കുക. റൂം താപനിലയിൽ ദീർഘനേരം സൂക്ഷിക്കുന്നത് ബാക്ടീരിയ വളരാനും രോഗങ്ങൾക്കും കാരണമാകും.
4. റഫ്രിജറേറ്ററിൽ ഭക്ഷണം കൂടുതൽ സമയം സൂക്ഷിക്കാൻ പാടില്ല. അതത് ദിവസമോ തൊട്ടടുത്ത ദിവസമോ ഇവ കഴിക്കാൻ ശ്രദ്ധിക്കുക.
5. ഭക്ഷണം പാഴാകാതിരിക്കാൻ ആവശ്യമായ അളവിൽ മാത്രം ഓർഡർ ചെയ്യുക.
ചൂടുള്ള ഭക്ഷണങ്ങൾ കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്ന ഇൻസുലേഷൻ ബോക്സുകളിൽ ഭക്ഷണം 60 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് നിലനിർത്താൻ കഴിവുള്ളതായിരിക്കണമെന്ന പൊതുചട്ടം നിലവിലുണ്ട്. റമദാൻ കൂടിയായതോടെ ഭക്ഷണം ഡെലിവറി ചെയ്യുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ബോധവത്കരണ നിർദേശങ്ങൾ മുനിസിപ്പാലിറ്റി പുറപ്പെടുവിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.