ദുബൈ: നഗരത്തിലെ വിനോദ സഞ്ചാരികളുടെ ആകർഷക കേന്ദ്രങ്ങളിലൊന്നായ ഗാർഡൻ ഗ്ലോ പകലും പ്രവർത്തിക്കുന്ന രീതിയിൽ തുറക്കുന്നു. സഅബീൽ പാർക്കിൽ രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെയാണ് പ്രവർത്തിക്കുക. നേരത്തേ പാർക്ക് വൈകീട്ട് അഞ്ചു മണി മുതലാണ് പ്രവർത്തിച്ചിരുന്നത്. 10 സീസണുകൾക്ക് ശേഷം പാർക്ക് പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. പുതുതായി സഅബീൽ പാർക്ക് ഗേറ്റ് മൂന്നിൽ ദുബൈ ഫ്രെയിമിന് സമീപത്തായാണ് തുറക്കുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് സംഘാടകർ വിവരങ്ങൾ പുറത്തുവിട്ടത്.
പുതിയ ആകർഷണങ്ങളോടെയാണ് ഗാർഡൻ ഗ്ലോ സഅബീൽ പാർക്കിൽ ആരംഭിക്കുന്നത്. നവീകരിച്ച ദിനോസർ പാർക്ക്, ഫാന്റസി പാർക്ക് എന്നിവയുമുണ്ടാകും. തുറക്കുന്ന തീയതിയും ടിക്കറ്റ് നിരക്കും അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. 2015ൽ പ്രവർത്തനം ആരംഭിച്ചത് മുതൽ ദുബൈ ഗാർഡൻ ഗ്ലോ ലക്ഷക്കണക്കിന് താമസക്കാരും വിനോദസഞ്ചാരികളും സന്ദർശിച്ചിട്ടുണ്ട്. സുസ്ഥിരതയും കാഴ്ചയും സംയോജിപ്പിച്ച പദ്ധതിയിൽ പുനരുപയോഗിക്കാവുന്ന വസ്തുക്കളിൽ നിന്നാണ് തിളങ്ങുന്ന പ്രദർശനവസ്തുക്കൾ നിർമിച്ചത്. ഐസ് പാർക്ക്, മാജിക് പാർക്ക്, ആർട്ട് പാർക്ക് എന്നിവയുൾപ്പെടെ തീം സോണുകൾ കാണാനായി ശൈത്യകാലത്ത് നിരവധി പേരാണ് എത്തിച്ചേരാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.