ദുബൈ ലൂപ് രൂപരേഖ
ദുബൈ: നഗരത്തിലെ ഗതാഗത രംഗത്ത് വൻ മുന്നേറ്റം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഭൂഗർഭ പാത ‘ദുബൈ ലൂപ്’ ആദ്യഘട്ടത്തിൽ നഗരത്തിൽ രണ്ടിടങ്ങളിൽ നടപ്പിലാക്കും. ആദ്യഘട്ടം നിർമാണം വൈകാതെ ആരംഭിക്കുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായറാണ് വേൾഡ് സർക്കാർ ഉച്ചകോടയിൽ ഇകാര്യം വെളിപ്പെടുത്തിയത്. ദുബൈ ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെന്‍റർ(ഡി.ഐ.എഫ്.സി), ദുബൈ മാൾ എന്നീ മേഖലകളിലായാണ് ‘ദുബൈ ലൂപ്’ ആദ്യഘട്ടത്തിൽ നിർമിക്കുന്നത്.
250കോടി ദിർഹം ചിലവിലാണ് പദ്ധതി നിർമിക്കുന്നത്. ആർ.ടി.എയും അമേരിക്കൻ ടെക് ഭീമൻ ഇലോൺ മസ്കിന്‍റെ ബോറിങ് കമ്പനിയും പദ്ധതി നടപ്പിലാക്കുന്നതിന് കഴിഞ്ഞ വർഷത്തെ ഉച്ചകോടിയിൽ കരാറിൽ ഒപ്പുവെച്ചിരുന്നു. യു.എസിലെ ലാസ് വഗാസിന് ശേഷം നവീനമായ ഗതാഗത പദ്ധതി നടപ്പിലാക്കുന്ന ആദ്യ പട്ടണമായി ദുബൈ മാറും. ‘ദുബൈ ലൂപി’ൽ ആകെ 22.2 കി.മീറ്റർ പാതയിൽ 19 സ്റ്റേഷനുകളാണുണ്ടാവുക. ആദ്യഘട്ടത്തിൽ 6.4കി.മീറ്റർ പാതയാണ് നിർമിക്കുന്നത്. 60കോടി ദിർഹം ചിലവിടുന്ന ഈ ഘട്ടത്തിൽ ഡി.ഐ.എഫ്.സിക്കും ദുബൈ മാളിനുമിടയിൽ നാല് സ്റ്റേഷനുകളാണുണ്ടാവുക.
ഇതുവഴി 100കാറുകൾക്ക് കടന്നുപോകാൻ കഴിയുമെന്നും ഡി.ഐ.എഫ്.സിക്കും ദുബൈ മാളിനുമിടയിൽ യാത്രാസമയം 20മിനുറ്റിൽ നിന്ന് മൂന്നു മിനുറ്റായി കുറയുകയും ചെയ്യും. ആദ്യഘട്ടത്തിൽ പാതയിലൂടെ ദിവസവും13,000പേർക്ക് യാത്ര ചെയയാനാകും. നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതായിരിക്കും പാത.
ബോറിങ് കമ്പനി യു.എസിലെ ലാസ് വഗാസ് നഗരത്തിൽ നിർമിച്ച ഭൂഗർഭ പാതയുടെ രീതി തന്നെയാണ് ദുബൈയിലും പിന്തുടരാൻ പോകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിശയകരമായ സംവിധാനമായിരിക്കുമിതെന്നും ഒരിക്കൽ അനുഭവിച്ചവർ അതിഷ്ടപ്പെടുമെന്നും ഇലോൺ മസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. പദ്ധതി ഗതാഗത രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തിരികൊളുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.