ദുബൈ: ദുബൈ ശൈഖ് സായിദ് റോഡിൽ ഇന്ന് ഓട്ടക്കാരുടെ ദിനം. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായ ദുബൈ റൺ ഞായറാഴ്ച പുലർച്ച ആരംഭിക്കും. രാവിലെ ഒമ്പത് വരെ നഗരം ഓട്ടക്കാരുടെ പിടിയിലായിരിക്കും.
34,000 പേർ അണിനിരന്ന ദുബൈ റൈഡിന് പിന്നാലെയാണ് ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്ന ദുബൈ റൺ നടക്കുന്നത്. കഴിഞ്ഞ വർഷം 1.46 ലക്ഷം പേരാണ് ശൈഖ് സായിദ് റോഡിനെ റണ്ണിങ് ട്രാക്കാക്കി മാറ്റിയത്. 5, 10 കിലോമീറ്ററുകളിലായി രണ്ട് റണ്ണുകളാണ് നടക്കുന്നത്. നേരത്തെ രജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം.
അഞ്ച് കിലോമീറ്റർ ഓട്ടം തുടങ്ങുന്നത് മ്യൂസിയം ഓഫ് ഫ്യൂച്ചറിന് സമീപത്തുനിന്നാണ്. ബുർജ് ഖലീഫ, ദുബൈ ഒപ്പറ എന്നിവക്ക് സമീപത്തുകൂടി പോകുന്ന റൺ ദുബൈ മാളിന് മുന്നിൽ സമാപിക്കും. പത്ത് കിലോമീറ്റർ റൈഡ് പോകുന്നത് ദുബൈ കനാലിന് സമീപത്ത് കൂടിയാണ്. വേൾഡ് ട്രേഡ് സെന്ററിന് മുന്നിലൂടെ പോയി തിരച്ച് ഡി.ഐ.എഫ്.സിക്ക് സമീപത്തെ അൽ മുസ്തഖ്ബാൽ സ്ട്രീറ്റിൽ സമാപിക്കും.
ദുബൈ മെട്രോ പുലർച്ച 3.30 മുതൽ ഓടിതുടങ്ങും. ഓട്ടക്കാർക്കായി എല്ലാ മേഖലയിലും കുടിവെള്ളം ലഭ്യമായിരിക്കും. മലയാളികൾ അടക്കം നിരവധി പ്രവാസികൾ ഓടാനിറങ്ങുന്ന ദിവസം കൂടിയാണിത്.
ദുബൈ റണ്ണിന്റെ ഭാഗമായി റോഡുകളിൽ ഗതാഗത നിയന്ത്രണമുണ്ടായിരിക്കും. ഞായറാഴ്ച പുലർച്ച നാല് മുതൽ പത്ത് വരെ ശൈഖ് സായിദ് റോഡ്, മുഹമ്മദ് ബിൻ റാശിദ് ബൂലെവാദ് റോഡ്, ഫിനാൻഷ്യൽ സെന്റർ റോഡ് എന്നിവ അടച്ചിടും. വാഹനയാത്രികർ അൽവാസൽ സ്ട്രീറ്റ്, അൽ ഖൈൽ റോഡ്, അൽ മയ്ദാൻ, അൽ അസായെൽ, സെക്കൻഡ് സബീൽ സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, അൽ ഹദിഖ എന്നിവ വഴി യാത്ര ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.