ദുബൈ: 30 ദിവസമായി ദുബൈ നിവാസികളുടെ ദിനചര്യയായിരുന്ന ഫിറ്റ്നസ് ചലഞ്ച് സമാപിച്ചു. ഈ ദിവസങ്ങളിൽ ശീലിച്ച ജീവിതചര്യയും വ്യായാമവും ആരോഗ്യശീലങ്ങളും ഇനിയും തുടരുമെന്ന പ്രതിജ്ഞയോടെയാണ് പ്രവാസികൾ ഉൾപ്പെടെയുള്ളവർ ഫിറ്റ്നസ് ചലഞ്ചിന് സമാപനം കുറിക്കുന്നത്.ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നേതൃത്വത്തിൽ നടന്ന ചലഞ്ച് ഒക്ടോബർ 29നാണ് തുടങ്ങിയത്. 30 ദിവസം 30 മിനിറ്റ് വ്യായാമങ്ങളിൽ ഏർപ്പെടാനായിരുന്നു ആഹ്വാനം.
ആരോഗ്യസംരക്ഷണത്തിൽ പുത്തൻ ഊർജം പകർന്നും റെക്കോഡുകൾ തിരുത്തിയെഴുതിയുമാണ് ഫിറ്റ്നസ് ചലഞ്ച് സമാപിക്കുന്നത്.ഓടിയും ചാടിയും സൈക്കിൾ ചവിട്ടിയും വ്യായാമം ചെയ്തും ആരോഗ്യ സംരക്ഷണ സന്ദേശങ്ങൾ പകർന്നും കായികസംസ്കാരം വളർത്തിയുമാണ് ഒരുമാസം നീണ്ടുനിന്ന ചലഞ്ച് മുന്നേറിയത്. ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടന്ന ദുബൈ റൈഡിലും ദുബൈ റണ്ണിലും റെക്കോഡ് പങ്കാളിത്തമായിരുന്നു ഇത്തവണ.
ദുബൈ റൈഡിൽ 34897 സൈക്കിളുകൾ നിരത്തിലിറങ്ങിയപ്പോൾ ദുബൈ റണ്ണിൽ ഓടാൻ എത്തിയത് 1.90 ലക്ഷം പേർ. കേരളത്തിന്റെ സ്വന്തം ഡി.എക്സ്.ബി റൈഡേഴ്സ്, കേരള റൈഡേഴ്സ് അടക്കമുള്ള കൂട്ടായ്മകൾ സജീവമായി പങ്കെടുത്തിരുന്നു.ജോയ് ആലുക്കാസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ജീവനക്കാരുമായി ഫിറ്റ്നസ് ചലഞ്ചിൽ പങ്കെടുത്തു. ഫുട്ബാൾ, യോഗ, ബോക്സിങ്, ക്രിക്കറ്റ്, തുഴച്ചിൽ പോലുള്ള മത്സരങ്ങൾക്കു പുറമെ വിവിധ കായിക ഇനങ്ങളിൽ സൗജന്യ പരിശീലനവും നടന്നിരുന്നു.
ദുബൈ സിലിക്കൺ ഒയാസീസ്, ഡിജിറ്റൽ പാർക്ക്, ഹത്ത വാലി സെന്റർ, ദുബൈ ഡിസൈൻ ഡിസ്ട്രിക്ട്, സബീൽ ലേഡീസ് ക്ലബ്, ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ, സബീൽ സ്പോർട്സ് ഡിസ്ട്രിക്ട്, ബ്ലൂവാട്ടേഴ്സ് ദുബൈ, ഡ്രാഗൺ മാർട്ട്, മിർദിഫ് മാളിന് സമീപത്തെ സ്പോർട്സ് സൊസൈറ്റി, ജുമൈറ ബീച്ച് റെസിഡൻസ്, ദുബൈ ഹിൽസ് മാൾ, കൈറ്റ് ബീച്ച്, ഫെസ്റ്റിവൽ സിറ്റി, സെയ്ലിങ് ക്ലബ്, ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ, പാം, ഡ്യൂട്ടി ഫ്രീ ടെന്നിസ് സ്റ്റേഡിയം, ദുബൈ ഹാർബർ, എ.എസ്.ഡി ഫുട്ബാൾ സ്റ്റേഡിയം എന്നിവിടങ്ങളിൽ വിവിധ മത്സരങ്ങൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.