ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് ഇന്ന്  മുതല്‍

ദുബൈ:  ലോകത്തെ പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിന്‍െറ 25ാം പതിപ്പിലെ വനിതാ മത്സരങ്ങള്‍ ഞായറാഴ്ച ആരംഭിക്കും. വീറും വാശിയുമേറിയ പോരാട്ടങ്ങളായിരിക്കും ജിജികോ മെട്രോ സ്റ്റേഷനു സമീപം ഗര്‍ഹൂദിലെ ടെന്നിസ് സ്റ്റേഡിയത്തില്‍ ഇത്തവണയും നടക്കുക. ശനിയാഴ്ച നടന്ന മത്സര നറുക്കെടുപ്പ് അതാണ് കാണിക്കുന്നത്. 
ആദ്യ എട്ടു സീഡുകാര്‍ക്ക്  രണ്ടാം റൗണ്ടിലേക്ക് ബൈ നല്‍കിയെങ്കിലൂം അവിടെ അവരെ കാത്തിരിക്കുന്നത് ശക്തരായ എതിരാളികളാണ്. ലോക രണ്ടാം നമ്പറായ ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബറിന് ദുബൈയില്‍ കിരീടം ചൂടാനായാല്‍ സറീന വില്യംസിനെ പിന്തള്ളി ഒന്നാം സ്ഥാനം നേടാമെങ്കിലും  രണ്ടാം റൗണ്ടില്‍ നേരിടേണ്ടത് മുന്‍ ലോക ഒന്നാം നമ്പര്‍ ജലീന ജാങ്കോവിച്ചിനെയാണ്. അവരെ മറികടന്നാല്‍ അടുത്ത മത്സരത്തില്‍ എതിരാളി റിയോ ഒളിമ്പിക് ജേത്രി മോണിക പ്യൂയിഗ് ആയിരിക്കും. ഈ മാസം 25നാണ് ഫൈനല്‍. 
പുരുഷ വിഭാഗം മത്സരങ്ങള്‍ 27ന് തുടങ്ങി മാര്‍ച്ച് നാലിന് സമാപിക്കും. ലോക ഒന്നാം നമ്പറും വിംബിള്‍ഡണ്‍, ഒളിമ്പിക് ജേതാവുമായ ആന്‍ഡി മറേ, ആസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവും ദുബൈയില്‍ ഏഴു തവണ ചാമ്പ്യനുമായ റോജര്‍ ഫെഡറര്‍, യു.എസ് ഓപ്പണ്‍ ജേതാവ് സ്റ്റാന്‍ വാവ്റിങ്ക തുടങ്ങിയവരാണ് പുരുഷവിഭാഗത്തില്‍ റാക്കറ്റേന്തുന്ന പ്രമുഖര്‍. 
മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്.  സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെ ടിക്കറ്റ് വില്‍പ്പനയുണ്ട്. ഓണ്‍ലൈനിലും ടിക്കറ്റ് ലഭിക്കും. 

Tags:    
News Summary - Dubai duty free

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.