ദുബൈ: ഗതാഗത രംഗത്ത് വൻ മുന്നേറ്റമായേക്കാവുന്ന ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിന് മൂന്ന് ചൈനീസ് കമ്പനികൾക്ക് അനുമതി നൽകി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). സ്വയം നിയന്ത്രണ വാഹനങ്ങൾ വികസിപ്പിക്കുന്ന പ്രമുഖ ചൈനീസ് കമ്പനികളായ ബൈഡുവിന്റെ അപ്പോളോ ജി, വിറൈഡ്, പൊണി ഡോട്ട് എ.ഐ എന്നിവക്കാണ് പരീക്ഷണ ഓട്ടത്തിന് അനുമതി ലഭിച്ചത്. നഗരത്തിലുടനീളം ഒരുക്കിയ നിശ്ചിത സ്ഥലങ്ങളിലൂടെയായിരിക്കും ഡ്രൈവറില്ലാ വാഹനങ്ങൾ പരീക്ഷണ ഓട്ടം നടത്തുക. ഇതിന്റെ ആദ്യ ഘട്ടത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഈ കമ്പനികളുടെ ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതികവിദ്യകളും പ്രവർത്തന വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി, നഗരത്തിലെ പ്രാദേശിക പരിസ്ഥിതിയുമായി ഇത്തരം വാഹനങ്ങൾ സുഗമമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ പരിശോധനകളും നടത്തുമെന്ന് ആർ.ടി.എ അറിയിച്ചു.
ജുമൈറ മോസ്കിന്റെ പാർക്കിങ് സ്ഥലം മുതൽ ജുമൈറ റോഡ് വരെ നീളുന്ന നാലു കിലോമീറ്ററിലാണ് പരീക്ഷണ ഓട്ടം നടക്കുന്നത്. ഇതിൽ അപ്പോളോ ഗോ ടാക്സിക്ക് മണിക്കൂറിൽ 72 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിഞ്ഞു. വളരെ സമർഥമായി ലൈൻ മാറ്റാനും സാധിച്ചിരുന്നു. ചൈനക്ക് പുറത്ത് ആദ്യമായാണ് അപ്പോളോ ഗോ ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. ചൈനയിലെ 10 നഗരങ്ങളിൽ നടത്തിയ പരീക്ഷണ ഓട്ടം 100 ശതമാനം വിജയകരമായിരുന്നു.
അതേസമയം, ആർ.ടി.എയുമായുള്ള സഹകരണത്തിലൂടെ സ്മാർട്ട് ഗതാഗത സംവിധാനങ്ങൾക്കായി ആഗോള മാനദണ്ഡങ്ങൾ നിർമിക്കുന്നതിനൊപ്പം സ്വയം നിയന്ത്രണ ഗതാഗത രംഗത്ത് മുൻനിര നഗരമെന്ന ദുബൈയുടെ സ്ഥാനം ഉറപ്പിക്കുകയുമാണ് കമ്പനികളുടെ ലക്ഷ്യമെന്ന് ആർ.ടി.എ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.