ദുബൈ: മയക്കുമരുന്ന് കടത്ത് കേസിൽ പിടിയിലായ യുവാവിന് ദുബൈ കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. 80 ഗ്രാം മയക്കുമരുന്ന് കടത്തിയ കേസിൽ 26കാരനാണ് ശിക്ഷ ലഭിച്ചത്. ഇയാൾ മിടുക്കനായ വിദ്യാർഥിയും അടുത്തിടെ വിവാഹിതനുമാണെന്ന് സീനിയർ പ്രോസിക്യൂട്ടർ അബ്ദുല്ല സാലിഹ് അൽ റൈസി പറഞ്ഞതായി ഇമാറാത്തുൽ യൗം റിപോർട്ട് ചെയ്തു. സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനല്ല, വിൽപനയെന്ന ഉദ്ദേശ്യത്തോടെയാണ് ഇയാൾ മയക്കുമരുന്ന് കൈവശം വെച്ചതെന്ന് കോടതിയിൽ തെളിഞ്ഞു. മറ്റൊരു രാജ്യത്തു നിന്ന് ദുബൈയിലേക്ക് വരുന്നതിനിടെ വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ ദുബൈ കസ്റ്റംസിന്‍റെ പിടിയിലാകുന്നത്. ലഗേജിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
യു.എ.ഇയിലെ നിയമം അനുസരിച്ച് സ്വന്തം ആവശ്യത്തിന് മയക്കുമരുന്ന് കൈവശം വെക്കുന്നതിനും വിൽപന ലക്ഷ്യത്തോടെ കൊണ്ടുനടക്കുന്നതിനും വിത്യസ്ത ശിക്ഷയാണ് ലഭിക്കുകയെന്ന് പ്രോസിക്യൂട്ടർ വിശദീകരിച്ചു. യുവാവിൽ നിന്ന് പിടികൂടിയ മയക്കുമരുന്നിന്‍റെ അളവ് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതിനേക്കാൾ അധികമായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മയക്കുമരുന്ന് കടത്തിന്‍റെ രീതികൾ മാറിയിട്ടുണ്ട്. ഓൺലൈൻ വഴിയും രാജ്യാന്തര അതിർത്തികൾ കടന്നുമാണ് മയക്കുമരുന്ന് വിൽപന നടത്തുന്നത്. എങ്കിലും ഇത്തരം ക്രിമിനൽ നടപടികൾ കണ്ടെത്താൻ ഏറ്റവും ആധുനികമായ സംവിധാനങ്ങളാണ് അതോറിറ്റിക്ക് ഉള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.