ഡ്രൈവർരഹിത വാഹനം
ദുബൈ: ഡ്രൈവറില്ലാ വാഹനങ്ങൾ നിരത്തിലിറക്കാനുള്ള പരീക്ഷണത്തിന് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരം. ചൊവ്വാഴ്ച യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് സുപ്രധാന തീരുമാനം എടുത്തത്.
യു.എ.ഇയിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണം ആരംഭിക്കാൻ ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച നിർദേശമാണ് അംഗീകരിക്കപ്പെട്ടത്. എക്സ്പോ നഗരിയിൽ നടന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
പരീക്ഷണത്തിനുശേഷം പൂർണമായ രീതിയിൽ പദ്ധതി നടപ്പിലാക്കുന്നതിനുള്ള അനുമതിക്ക് ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് സമർപ്പിക്കും.
സ്വയം ഓടുന്ന കാറുകൾ റോഡുകളിൽ പരീക്ഷിക്കുന്ന ആഗോളതലത്തിലെ രണ്ടാമത്തെയും പശ്ചിമേഷ്യയിലെ ആദ്യ രാജ്യവുമാകും യു.എ.ഇയെന്ന് തീരുമാനം അറിയിച്ച് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. ഗതാഗതം ഏറ്റവും സുരക്ഷിതവും അപകടരഹിതവുമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡ്രൈവറില്ലാ വാഹനങ്ങൾ 2023 മുതൽ ദുബൈ നിരത്തുകളിൽ സജീവമാക്കാനുള്ള പദ്ധതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അടുത്ത വർഷത്തോടെ ഇതിന് ആവശ്യമായ നിയമങ്ങൾ കൊണ്ടുവരുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) കഴിഞ്ഞ മാസം അറിയിച്ചിരുന്നു. 2030ഓടെ 25 ശതമാനം ഗതാഗത സംവിധാനങ്ങൾ ഡ്രൈവറില്ലാ വാഹനങ്ങളാക്കുകയാണ് ആർ.ടി.എ ലക്ഷ്യംവെക്കുന്നത്. യു.എസിന് പുറത്ത് ആദ്യമായി ഡ്രൈവറില്ലാ വാഹന സർവിസ് ആരംഭിക്കുന്ന ആദ്യ രാജ്യമായി യു.എ.ഇ മാറും.
പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി റോഡുകളിൽ നടപ്പിലാക്കേണ്ട നിയന്ത്രണങ്ങളും നിയമങ്ങളും രൂപപ്പെടുത്തിവരുകയാണ്. നിയമനിർമാണ വിഭാഗവും പൊലീസും ചേർന്ന് രൂപപ്പെടുത്തുന്ന നിയമത്തിനും മന്ത്രിസഭയുടെ അംഗീകാരം നേടേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.