അബൂദബി ഗ്ലോബൽ ഹെൽത്ത് വീക്കിൽ ഡോ. ജോർജ് മാത്യു സംസാരിക്കുന്നു
അബൂദബി: യു.എ.ഇ ആരോഗ്യ മേഖലയുടെ വർത്തമാനവും ഭാവിയും പങ്കുവെക്കുന്ന അബൂദബി ഗ്ലോബൽ ഹെൽത്ത് വീക്കിൽ രാജ്യത്തെ ആരോഗ്യ മേഖലയിലെ പ്രഗല്ഭ വ്യക്തിത്വവും മലയാളിയുമായ ഡോ. ജോർജ് മാത്യുവിന് ആദരം.
പ്രമുഖ ഇമാറാത്തി ഓങ്കോളജിസ്റ്റ് പ്രഫ. ഹുമൈദ് അൽ ശംസിയുടെ ‘ഹെൽത്ത്കെയർ ഇൻ ദ യുനൈറ്റഡ് അറബ് എമിറേറ്റ്സ്’ എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് ഡോ. ജോർജിന്റെ സംഭാവനകളെ ആരോഗ്യ മേഖലയിലെ വിദഗ്ധർ ആദരിച്ചത്.
രാജ്യത്തെ ആരോഗ്യ മേഖല കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഡോ. ജോർജ് യു.എ.ഇയുടെ ആരോഗ്യ വളർച്ച വ്യക്തമാക്കുന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങുന്നത് അഭിമാനകരമാണെന്ന് പ്രഫ. ഹുമൈദ് പറഞ്ഞു.
ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പ്രമുഖരാണ് അബൂദബി ഗ്ലോബൽ ഹെൽത്ത് വീക്കിലെ ബുർജീൽ ഹോൾഡിങ്സ് ബൂത്തിലെത്തിയത്. ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, സി.ഇ.ഒ ജോൺ സുനിൽ എന്നിവരും സന്നിഹിതരായിരുന്നു.
കരിയറിന്റെ ഒരു സമയത്ത് കാലിഫോർണിയയിലേക്ക് മാറാൻ തീരുമാനിച്ചെങ്കിലും ഭരണാധികാരിയായിരുന്ന ശൈഖ് സായിദുമായുള്ള കൂടിക്കാഴ്ച ജീവിതം മാറ്റിമറിച്ചുവെന്ന് ഡോ. ജോർജ് അനുസ്മരിച്ചു. അടുത്തിടെ അബൂദബി അൽ മഫ്റകിലെ ശൈഖ് ശഖ്ബൂത്ത് മെഡിക്കൽ സിറ്റിക്ക് സമീപത്തുള്ള റോഡിന് ജോർജ് മാത്യു സ്ട്രീറ്റ് എന്ന് നാമകരണം ചെയ്തിരുന്നു.
സമ്പൂർണ യു.എ.ഇ പൗരത്വം, സാമൂഹിക സേവനത്തിനുള്ള പരമോന്നത സിവിലിയൻ ബഹുമതിയായ അബൂദബി അവാർഡ് എന്നിവയിലൂടെയും അദ്ദേഹത്തിന്റെ സംഭാവനകളെ ആദരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.