ദുബൈ: ഡോ. ദീപക് മിത്തലിനെ യു.എ.ഇയിലെ അടുത്ത ഇന്ത്യൻ അംബാസഡറായി വിദേശകാര്യ മന്ത്രാലയം നിയമിച്ചു.1998 ബാച്ച് ഐ.എഫ്.എസ് ഓഫിസറായ അദ്ദേഹം 2023വരെ ഖത്തറിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഡീഷനൽ സെക്രട്ടറിയുടെ ചുമതല വഹിച്ചുവരികയാണ് ഇദ്ദേഹം. 2021മുതൽ യു.എ.ഇയിലെ അംബാസഡറായ സഞ്ജയ് സുധീർ സെപ്റ്റംബർ 30ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ അംബാസഡറെ നിയമിച്ചിരിക്കുന്നത്.
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള നയതന്ത്രബന്ധം വളരെ ശക്തമായ സാഹചര്യത്തിൽ ഗൾഫ് മേഖലയിൽ അനുഭവ സമ്പന്നനായ മുതിർന്ന നയതന്ത്രജ്ഞൻ അംബാസഡർ ചുമതലയിലേക്ക് വരുന്നത് പ്രതീക്ഷയോടെയാണ് വീക്ഷിക്കപ്പെടുന്നത്. ദീപക് മിത്തൽ ചുമതലയേൽക്കുന്ന തീയതിയും മറ്റും വെളിപ്പെടുത്തിയിട്ടില്ല.
1972ലാണ് ഇന്ത്യയും യു.എ.ഇയും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിതമായത്. നിലവിൽ 43ലക്ഷത്തോളം ഇന്ത്യൻ പ്രവാസികൾ താമസിക്കുന്ന രാജ്യമാണ് യു.എ.ഇ. എക്കാലവും മികച്ച സൗഹൃദം സൂക്ഷിച്ച ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം 2015ൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ കൂടുതൽ ശക്തമായിട്ടുണ്ട്. പിന്നീട് ഇന്ത്യയുടെയും യു.എ.ഇയുടെയും ഭരണാധികാരികൾ പലതവണ സന്ദർശനങ്ങൾ നടത്തുകയും വിവിധ മേഖലകളിൽ സഹകരണത്തിന് കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. യു.എ.ഇയും ഇന്ത്യയും തമ്മിൽ സമഗ്ര സാമ്പത്തിക സഹകരണ കരാർ(സെപ) ഒപ്പുവെച്ച ശേഷം വ്യാപാര, വാണിജ്യ രംഗങ്ങളിലും ബന്ധം അതിവേഗം വളരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.