യു.എ.ഇയിലെ ദീപാവലി ആഘോഷം (ഫയൽ ചിത്രം)
ദുബൈ: ദീപാവലിയെ വരവേൽക്കാനൊരുങ്ങി രാജ്യം. ദുബൈ ഇക്കോണമി ആന്‍ഡ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് തയാറെടുപ്പ്. നൂര്‍, ഫെസ്റ്റിവല്‍ ഓഫ് ലൈറ്റ്സ് എന്ന പേരില്‍ 17 മുതല്‍ 26 വരെയാണ് ആഘോഷം. വിവിധ വ്യാപാര സ്ഥാപനങ്ങളുടെയും വിനോദ കേന്ദ്രങ്ങളുടെയും സഹകരണത്തോടെ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റും ദുബൈ ഫെസ്റ്റിവല്‍ ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്.
വിവിധ ഷോപ്പിങ് മാളുകളില്‍ വിലക്കിഴിവുകളും ആകര്‍ഷകമായ ഓഫറുകളും പ്രഖ്യാപിച്ചു. ഫെസ്റ്റിവല്‍ ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റിനൊപ്പം ദീപാവലി ആഘോഷിക്കാനായതില്‍ അഭിമാനമുണ്ടെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന് പറഞ്ഞു. ആഘോഷത്തിനുള്ള തയാറെടുപ്പുകളെല്ലാം പൂര്‍ത്തിയായതായും വെടിക്കെട്ട് ഉള്‍പ്പെടെ ഒട്ടേറെ പരിപാടികളാണ് ഇത്തവണ ആസൂത്രണം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
17ന് രാത്രി ഒമ്പതിന് അല്‍ സീഫ് ക്രീക്കില്‍ വെടിക്കെട്ട് നടക്കും. അല്‍ സീഫില്‍ 17 മുതല്‍ 19 വരെ കലാപരിപാടികള്‍ നടക്കും. ഘോഷയാത്ര, ശില്പശാല, സംഗീതപരിപാടി, സ്റ്റാന്‍ഡ് അപ് കോമഡി എന്നിവയാണ് പ്രധാന പരിപാടികള്‍. പ്രവേശനം സൗജന്യമാണ്. 17,18, 24, 25 തീയതികളില്‍ ഗ്ലോബല്‍ വില്ലേജിലും വെടിക്കെട്ടുണ്ടാകും. 17 മുതല്‍ 20 വരെ ഗ്ലോബല്‍ വില്ലേജില്‍ രംഗോലി പെയിന്റിങ്, കലാപരിപാടികള്‍, ഇന്ത്യന്‍ പവിലിയനിലെ ദീപാവലി മേള തുടങ്ങി വിവിധ പരിപാടി അരങ്ങേറും.
18 ന് ദുബൈ ഓപറയില്‍ ഇളയരാജ നേതൃത്വം നല്കുന്ന ഗാനസന്ധ്യ, അന്നേദിവസം ഇത്തിസലാത്ത് അക്കാദമിയില്‍ ആന്‍ഡ്രിയ ജെറമിയയുടെ ദ ജെറമിയ പ്രൊഡക്ടിന്റെ തത്സമയ അവതരണമുണ്ടാകും. 25 ന് കൊക്കകോള അരീനയില്‍ കോമഡിതാരം റസല്‍ പീറ്റേഴ്സെത്തും. 18, 19 തീയതികളില്‍ സബീല്‍ തിയറ്ററില്‍ ഷുഗര്‍ സമ്മിയുടെ ഇംഗ്ലീഷ് ഹാസ്യപരിപാടിയും കാണാം. 25ന് അല്‍ ഖൂസിലെ ഹൈവില്‍ തമിഴ് ഹാസ്യതാരം പ്രവീണ്‍കുമാര്‍ പരിപാടി അവതരിപ്പിക്കും. ദീപാവലിയുടെ കഥ പറയുന്ന നാടകം 25, 26 തീയതികളില്‍ ദുബൈ ഫെസ്റ്റിവല്‍ പ്ലാസയിലുണ്ടാകും. ദേരയിലെ വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റില്‍ 13 മുതല്‍ 20 വരെ കൂറ്റന്‍ രംഗോലി ആസ്വദിക്കാം. 17 മുതല്‍ 19 വരെ വാഫി മാളില്‍ കുട്ടികള്‍ക്കായി വിവിധ കളികള്‍, പാവക്കൂത്ത്, ശില്പശാല എന്നിവയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.