ദുബൈ: ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതൽ എമിറേറ്റിലെ ഭൂരിഭാഗം സ്കൂളുകളും ക്ലാസ് പഠനത്തിന് തുടക്കമിട്ട സാഹചര്യത്തിൽ ഫീസ് സംബന്ധിച്ച് വ്യക്തത വരുത്തി നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ). നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ പഠനവും ക്ലാസ് പഠനവും ഒരുപോലെ പിന്തുടരാൻ കഴിയുന്ന ഹൈബ്രിഡ് രീതികൾ അവലംബിക്കാൻ സ്കൂളുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിദൂര പഠനം തുടരുന്ന സ്വകാര്യ സ്കൂളുകൾക്ക് ട്യൂഷൻ ഫീസ് ഈടാക്കാമെന്നാണ് കെ.എച്ച്.ഡി.എയുടെ രജിസ്ട്രേഷൻ ആൻഡ് റീഫണ്ട് നയം വ്യക്തമാക്കുന്നത്. വിദ്യാർഥികൾക്ക് പഠന സേവനങ്ങൾ തടസ്സപ്പെടുന്നില്ലെങ്കിൽ ഫീസിൽ ഇളവ് അനുവദിക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടതില്ല. സർക്കാറിന്‍റെ നിർദേശങ്ങൾക്ക് വിധേയമായി അടച്ചുപൂട്ടിയതിനെ തുടർന്ന് ക്ലാസ് പഠനം തടസ്സപ്പെടുകയാണെങ്കിലും വിദൂര വിദ്യാഭ്യാസം ഉൾപ്പെടെ അധ്യാപനം തുടരുന്നിടത്തോളം ട്യൂഷൻ ഫീസ് നൽകാൻ രക്ഷിതാക്കൾ ബാധ്യസ്ഥരാണ്.
വിദൂര പഠനം രക്ഷിതാക്കൾ വേണ്ടെന്ന് വെച്ചാലും ഫീസ് നൽകാതിരിക്കാനോ കുറക്കാനോ അവകാശമില്ല. വിദൂര പഠനത്തിന്‍റെ ഗുണനിലവാരത്തിലോ അധ്യാപനത്തിലോ പരാതിയുണ്ടെങ്കിൽ സ്കൂളുകളുടെ ആഭ്യന്തര പരാതി നടപടിക്രമങ്ങളിലൂടെ ഉന്നയിക്കാവുന്നതാണ്. ഇങ്ങനെ ഉന്നയിക്കുന്ന പരാതികൾ വിലയിരുത്തുമ്പോഴും മുഴുവൻ ട്യൂഷൻ ഫീസും നിർബന്ധമായും അടച്ചിരിക്കണം. ഏതെങ്കിലും ഘട്ടത്തിൽ പഠന സേവനങ്ങൾ മുടങ്ങിയാൽ ട്യൂഷൻ ഫീസ് നൽകേണ്ടതില്ല. നിലവിൽ നൽകിയ ഫീസ് റീഫണ്ട് ചെയ്യാനും രക്ഷിതാക്കളെ അനുവദിക്കണം. റീഫണ്ട് അനുവദിക്കുകയാണെങ്കിൽ ക്രഡിറ്റ് നോട്ട്, ട്രാൻസ്ഫർ ഓഫ് ക്രഡിറ്റ്, ഫുൾ റീഫണ്ട് എന്നിങ്ങനെ മൂന്ന് രീതികൾ രേഖാമൂലം അവലംബിക്കാം. അർഹമായ തുകക്ക് സ്കൂൾ നൽകുന്ന രേഖയാണ് ക്രഡിറ്റ് നോട്ട്. ഇതു പ്രകാരം വിദ്യാർഥി ഇതേ സ്കൂളിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഭാവിയിലെ ട്യൂഷൻ ഫീസിലേക്ക് ഇത് വകയിരുത്താം. മറിച്ച് വിദ്യാർഥി സ്കൂളിൽ പഠനം തുടരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ബാക്കിയുള്ള അർഹമായ തുക റീഫണ്ട് ചെയ്യാം. ഇനി ഇതേ സ്കൂളിൽ വിദ്യാർഥിയുടെ സഹോദരങ്ങൾ പഠിക്കുകയോ പുതുതായി ചേർത്താൻ ആഗ്രഹിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ഈ തുക ട്രാൻസ്ഫർ ചെയ്യുന്നതാണ് ട്രാൻസ്ഫർ ഓഫ് ക്രഡിറ്റ്. സ്കൂളിന് സേവനങ്ങൾ നൽകാൻ കഴിയാത്ത സാഹചര്യത്തിലെ ട്യൂഷൻ ഫീസ് മുഴവനായും റീഫണ്ട് ചെയ്യണം.
കെ.എച്ച്.ഡി.എയുടെ അനുമതി ആവശ്യമായത് കൊണ്ടാണ് ചില സ്കൂളുകൾ ഇപ്പോഴും വിദൂര പഠനം തുടരുന്നത്. ഇതിനായി ജീവനക്കാർക്ക് അടിയന്തര പരിശീലനം നൽകുകയും പരിശോധനയിൽ പാസാകുകയും വേണം. അനുമതി ലഭിക്കാനായി അഞ്ച് കാര്യങ്ങളാണ് സ്കൂളുകൾ പൂർത്തീകരിക്കേണ്ടത്. സന്നദ്ധത ഫോറം സമർപ്പിക്കൽ, പരിശീലനത്തിൽ പങ്കെടുക്കൽ, അനുമതി പത്രത്തിൽ ഒപ്പുവെക്കൽ, സുരക്ഷ പരിശോധനയിൽ വിജയിക്കൽ, അന്തിമ അനുമതി വാങ്ങൽ എന്നിവയാണിത്. അന്തിമ അനുമതി ലഭിക്കുന്നത് വരെ ഇത്തരം സ്കൂളുകൾ നേരിട്ടുള്ള പഠനം തുടരാൻ പാടില്ല. ഘട്ടം ഘട്ടമായി ഈ സ്കൂളുകളെ തുറക്കാൻ അനുവദിക്കും. എന്നാൽ, ഏപ്രിൽ 27നകം ഔദ്യോഗിക മാർഗനിർദ്ദേശങ്ങൾക്കനുസൃതമായി വിദൂര പഠനത്തോടൊപ്പം ക്ലാസ് പഠനവും നൽകുന്നതിനുള്ള അനുമതി വാങ്ങണമെന്നാണ് കെ.എച്ച്.ഡി.എ നിർദേശിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.