ഹംറിയയെ തിരിച്ച് കിട്ടിയ ആഹ്ളാദത്തില്‍ ദേര: വാട്ടർഫ്രണ്ട്​ മാർക്കറ്റിൽ കച്ചവട താളം

ദുബൈ: 2004 ജൂണ്‍ അന്ത്യത്തില്‍ അവസാനിച്ച കച്ചവട താളം 2017 ജൂണില്‍  തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ദുബൈയിലെ അല്‍ ഹംറിയ ഇപ്പോള്‍. ലോകത്തിലെ തന്നെ ഏറ്റവും വൃത്തിയും വെടിപ്പുമുള്ള മത്സ്യ ചന്തയാണ് ദുബൈ വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. അടുത്ത മാസം ആദ്യത്തില്‍ പഴം-,പച്ചക്കറി-പലച്ചരക്ക് വിപണികളും റസ്​റ്റോറൻറുകളും, കഫ്തീരിയകളും തുറക്കുന്ന മുറക്ക് ഹംറിയയുടെ നഷ്​ടപ്പെട്ട കച്ചവടതാളം തിരിച്ചെത്തും. 

ബസിനുള്ളിലെ ഹോട്ടലും കൈവണ്ടികളും നിറഞ്ഞ പഴയ ഹംറിയ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്ന് ഏറെ മാറ്റമുണ്ട് പുതിയ മാര്‍ക്കറ്റിന്. ആധുനിക സാങ്കേതിക വിദ്യകളും സൗകര്യങ്ങളും സുരക്ഷാക്രമീകരണങ്ങളുമാണ്   പ്രത്യേകത. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഇടമില്ലാതെ അവസ്​ഥയായിരുന്നു പണ്ടെങ്കിൽ  ഇപ്പോൾ ആയിരത്തില്‍പരം വാഹനങ്ങള്‍ക്ക് നിറുത്തുവാനുള്ള സൗകര്യമാണ് താഴത്തെ നിലയില്‍ ഒരുക്കിയത്. പുറത്തെ ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ പാര്‍ക്കിങ് സൗകര്യം ഇനിയും കൂടും. 

കടലിനോട് മുഖം നോക്കി നില്‍ക്കുന്ന വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റ് അതി മനോഹരമാണ്. പഴയ മീന്‍ ചന്തയിലുണ്ടായിരുന്ന ഈര്‍പ്പം, ഗന്ധം ഒന്നും തന്നെ ഇവിടെ കാണാനാവില്ല.  ഉപഭോക്താക്കള്‍ക്കിടയിലൂടെ മീനുമായി പായുന്ന ഉന്തുവണ്ടികള്‍ പഴയ മീന്‍ ചന്തയുടെ നിത്യകാഴ്​ചയായിരുന്നു.   മീന്‍ വാങ്ങാനെത്തുന്നവരുടെ കാലില്‍ തട്ടിയും മുട്ടിയും നീങ്ങുന്ന ഇത്തരം ഉന്തു വണ്ടികള്‍ക്ക്​  പുതിയ മാര്‍ക്കറ്റില്‍  പ്രവേശനമില്ല. വൃത്തിയുള്ള ട്രോളികളാണ് മീന്‍ കൊണ്ടുവരാന്‍ ഉപയോഗിക്കുന്നത്. നിരകളായി സംവിധാനം ചെയ്തിരിക്കുന്ന മീന്‍തട്ടുകള്‍ക്കിടയില്‍ നടക്കാനേറെ ഇടമുണ്ട്. ഡിജിറ്റല്‍ തുലാസുകളാണ് തൂക്കാന്‍ ഉപയോഗിക്കുന്നത്. 

പുതിയ ചന്തയാണെങ്കിലും മീനിന് അമിത വിലയില്ല. സാധാരണ വേനല്‍ കാലത്ത് അനുഭവപ്പെടുന്ന മീന്‍ക്ഷാമം അനുഭവപ്പെടുന്നുണ്ട്. അതിനാല്‍ മീന്‍ വിലയിലും വര്‍ധനവുണ്ട്. കാലാവസ്ഥ മാറുന്നതോടെ വിപണി സാധാരണ നിലയിലത്തെുമെന്ന് കച്ചവടക്കാര്‍ പറഞ്ഞു. മീന്‍ വൃത്തിയാക്കാനുള്ള നിരക്ക് 1.50 ദിര്‍ഹത്തില്‍ നിന്ന് 2.00 ദിര്‍ഹമായി ഉയര്‍ത്തിയിട്ടുണ്ട്. യു.എ.ഇയിലെ കടലുകളില്‍ നിന്ന് പിടിച്ച മീനുമായി ബോട്ടുകള്‍ വാട്ടര്‍ഫ്രണ്ടില്‍ എത്തുന്നു. ബോട്ടുകള്‍ക്ക് അടുക്കാനുള്ള പ്രത്യേക സൗകര്യം തന്നെ ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് മീന്‍ വരുന്നത് നേരിട്ട് കാണാം.  പച്ചപ്പ്​ നിറഞ്ഞതാണ് വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റിന്‍െറ മുന്‍വശം. പ്രധാന കവാടത്തില്‍ നിന്നും താഴത്തെ പാര്‍ക്കിങ് മേഖലയില്‍ നിന്നും അകത്തേക്ക് പ്രവേശിക്കാം. ഇതിനായി യന്ത്ര ഗോവണികളും സ്ഥാപിച്ചിരിക്കുന്നു. വഴി കൃത്യമായി പറഞ്ഞ് തരാനും നിര്‍ദേശങ്ങള്‍ നല്‍കാനും സുരക്ഷാജീവനക്കാരേറെ. വൃത്തിയുള്ള ശുചിമുറികള്‍, വിശ്രമിക്കാനുള്ള സൗകര്യം, നമസ്ക്കരിക്കാനുള്ള സ്ഥലം എന്നിവയും ഇവിടെയുണ്ട്. 

1977 മെയ് 12നാണ് ദുബൈ ദേരയിലെ അബുഹൈല്‍ പ്രദേശത്തെ ഹംറിയ അംശത്തില്‍ കേന്ദ്ര പഴം-,പച്ചക്കറി,-പലച്ചരക്ക് വിപണിക്ക് തുടക്കം കുറിച്ചത്. 
ദേരയുടെ കച്ചവട ഹൃദയമായി അത് മാറിയത് വളരെ പെട്ടന്നായിരുന്നു. ആയിരക്കണക്കിന് തൊഴിലാളികളും ഉപഭോക്താക്കളും ഹംറിയ കടലും കൂടി കലര്‍ന്ന വല്ലാത്തൊരു കച്ചവട അന്തരീക്ഷമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.എന്നാല്‍ ദേരയിലെ പ്രധാന ഗതാഗത കുരുക്കായി പ്രദേശം മാറിയതോടെയാണ് ഇവിടെ നിന്ന് മാര്‍ക്കറ്റ് മാറ്റുന്നതിനെ കുറിച്ച് അധികൃതര്‍ ചിന്തിച്ച് തുടങ്ങിയത്. 2000ല്‍ എമിറേറ്റ്സ് റോഡ് ( ശൈഖ് മുഹമ്മദ് ബിന്‍ റോഡ്) തുറന്നതോടെയാണ് റാസല്‍ഖോര്‍ പ്രദേശത്തെ അല്‍ വര്‍സന്‍ മേഖലയില്‍ മാര്‍ക്കറ്റിനുള്ള സര്‍വേകള്‍ നടന്നത്. വാഹനങ്ങള്‍ക്ക് എത്താനുള്ള സൗകര്യം, തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള സൗകര്യം എന്നിവയെല്ലാം പരിഗണിച്ചാണ് അല്‍ വര്‍സനെ തെരഞ്ഞെടുത്തത്. 

2004ല്‍ നിര്‍മാണം പൂര്‍ത്തിയാകുകയും ജൂലൈയില്‍  ഇവിടേക്ക് മാര്‍ക്കറ്റ് മാറ്റുകയും ചെയ്തതോടെ. ദേരയുടെ കച്ചവട താളത്തി​​​​െൻറ പെരുക്കം കുറഞ്ഞു. എന്നാല്‍ ദേരയിലെ ഗതാഗത കുരുക്ക് അഴിഞ്ഞ സന്തോഷത്തിലായിരുന്നു യാത്രക്കാര്‍. 2004 ആഗസ്​റ്റിലാണ് ഹംറിയയിലെ പഴയ മാര്‍ക്കറ്റ് പൊളിച്ച് നീക്കിയത്. ഹംറിയ വീണ്ടും കച്ചവട താളത്തിലേക്ക് മാറിയതില്‍ ഏറെ സന്തോഷിക്കുന്നത് ദേരയാണ്. 

വഴി അറിയാത്തവര്‍ക്ക്
ദുബൈ: പുതിയ മാര്‍ക്കറ്റില്‍ എത്തുന്നവര്‍ക്ക് വഴിയില്‍ ചില സംശയങ്ങളുണ്ട്. ദുബൈ ആശുപത്രിയുടെ എതിര്‍ വശത്താണ് മാര്‍ക്കറ്റ് എന്ന് ചിലമാധ്യമങ്ങളില്‍ വായിച്ചതാണ് ഈ ആശയ കുഴപ്പം സൃഷ്​ടിക്കുന്നത്. ഹംറിയ തുറമുഖത്തോട് ചേര്‍ന്നാണ് മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. ദുബൈ ആശുപത്രി റൗണ്ടെബൗട്ടില്‍ നിന്ന് മാര്‍ക്കറ്റിലേക്ക് നിലവില്‍ ശരിയായ വഴിയില്ല. ഇവിടെ നിന്ന് മാര്‍ക്കറ്റിലേക്ക് തിരിഞ്ഞാല്‍ ഹംറിയയില്‍ പുതിയതായി നിര്‍മിച്ച പാലത്തിലേക്കാണ് ചെന്ന് കയറുക. ഇതാകട്ടെ നിര്‍മാണ മേഖലയിലേക്കാണ് പോകുന്നത്. പാലത്തിന് മുമ്പ് ഒരു യൂ ടേണ്‍ കൊടുത്തിട്ടുണ്ട്. 

ഈ വഴിയിലൂടെ വരുന്നവര്‍ പാലത്തിലേക്ക് കയറാതെ യൂ ടേണ്‍ ചെയ്ത് ഹംറിയ തുറമുഖത്തിന്‍െറ പ്രധാന കവാടത്തിന് മുന്നില്‍ തീര്‍ത്ത പുതിയ റൗണ്ടെബൗട്ടില്‍ നിന്ന് യൂ ടേണ്‍ തിരിഞ്ഞാണ് മാര്‍ക്കറ്റില്‍ എത്തേണ്ടത്. ആദ്യം കാണുന്ന പാര്‍ക്കിങുകള്‍ മീന്‍ വാഹനങ്ങള്‍ക്കുള്ളതാണ്. അബുഹൈല്‍ റോഡ് വന്ന് ചേരുന്ന അല്‍ ഹംറിയ റൗണ്ടെബൗട്ടില്‍ നിന്നാണ് മാര്‍ക്കറ്റിലേക്ക് ശരിയായ വഴിയുള്ളത്. ഷാര്‍ജ ദിശയില്‍ നിന്ന് വരുന്നവര്‍ വലത്തോട്ടും നായിഫ് ഭാഗത്ത് നിന്ന് വരുന്നവര്‍ ഇടത്തോട്ടും അബു ഹൈല്‍ റോഡിലൂടെ വരുന്നവര്‍ നേരെയുമാണ് പ്രവേശിക്കേണ്ടത്. പുതിയ റൗണ്ടെബൗട്ടില്‍ നിന്ന് യൂ ടേൺ ചെയ്താല്‍ മാര്‍ക്കറ്റിലത്തൊം. വലിയ വാഹനങ്ങള്‍ക്ക് താഴത്തെ നിലയില്‍ പ്രവേശനമില്ല. നിലവില്‍ മാര്‍ക്കറ്റിനകത്തേക്ക് ബസ് സൗകര്യം ഇല്ല. എന്നാല്‍ വൈകാതെ ബസ് എത്താനുള്ള സൗകര്യങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഖലീജ് റോഡിലൂടെ പോകുന്ന ചില ബസുകള്‍ക്ക്  മാര്‍ക്കറ്റിന് സമീപം സ്​​േ​റ്റാപ്പുണ്ട്​.  

 

Tags:    
News Summary - dera waterfriend uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.