കെട്ടിടത്തില്‍ കണ്ടത് മലയാളിയുടെ മൃതദേഹം; തിങ്കളാഴ്ച ഷാര്‍ജയില്‍ സംസ്കരിക്കും

ഷാര്‍ജ: അല്‍ മുസല്ല ഭാഗത്ത് പൊളിച്ച് നീക്കി കൊണ്ടിരുന്ന കെട്ടിടത്തിനകത്ത് രണ്ടാഴ്ച മുമ്പ് കണ്ടെത്തിയത് മലയാളിയുടെ മൃതദേഹം. ആലപ്പുഴ നൂറനാട് ഇടപ്പോണ്‍ ഇന്ദിരാഭവനത്തില്‍ പരേതനായ കെ.ആര്‍ വിശ്വനാഥന്‍ നായരുടെ മകന്‍ വിനു വി.നായര്‍ (40)ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണമെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. 
സ്വന്തമായി ചെറിയ തോതില്‍ ലേബര്‍ സപ്ലൈ കമ്പനി നടത്തുകയായിരുന്നു. കുടുംബ സമേതമാണ് ഇവിടെ താമസിച്ചിരുന്നത്. ഒന്നര വര്‍ഷം മുമ്പ് കുടുംബം നാട്ടിലേക്ക് തിരിച്ച് പോയി. ഭാര്യ: അടൂര്‍ വടക്കടത്തുകാവ് മണ്ണൂര്‍ മേലേതില്‍ ജയലക്ഷ്മി. ആദിത്യ വിനു എകമകനാണ്. അമ്മ: ഇന്ദിര വി. നായര്‍. സഹോദരങ്ങള്‍: വിജു വി. നായര്‍ (ദുബൈ), വര്‍ഷ ശ്യാംജിത്ത് (കുവൈത്ത്).  
റോളക്കടുത്തുള്ള അല്‍ മുസല്ല ദേശത്തെ കാലഹരണപ്പെട്ട അഞ്ച് നില കെട്ടിടം പൊളിക്കുന്നതിനിടയില്‍ മാര്‍ച്ച് 15നാണ് മൃതദേഹം കണ്ടണ്ടെത്തിയത്.  കെട്ടിടം പൊളിക്കുന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ മൃതദേഹത്തിന് മൂന്ന് മാസത്തെ പഴക്കം കണക്കാക്കിയിരുന്നു. എന്നാല്‍ മരിച്ച ആളെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിവായിരുന്നില്ല. ഇതിനിടെയാണ് സഹോദരനെ കാണാനില്ല എന്ന് കാണിച്ച് വിജു വി. നായര്‍ പൊലീസ് ആസ്ഥാനത്ത് പരാതി നല്‍കിയത്. എന്നാല്‍ ഷാര്‍ജയിലെ ജയിലുകളില്‍ അടക്കം പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.  എന്നാല്‍ കഴിഞ്ഞ 20നാണ് മരിച്ചത് വിനു വി. നായരാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹത്തിനടുത്ത് നിന്ന് കിട്ടിയ പഴ്സിലെ തിരിച്ചറിയല്‍ രേഖകളും സഹോരന്‍െറ പരാതിയും വെച്ച് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണമുണ്ടായത്. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് ഒമാനിലേക്ക് പോകുമെന്ന് ഭാര്യയോട് ഫോണ്‍ ചെയ്ത് പറഞ്ഞിരുന്നു. അതിന് ശേഷം നാട്ടിലേക്ക് വിളിച്ചിരുന്നില്ല. മൃതദേഹം  തിങ്കളാഴ്ച രാവിലെ 9.30 ന് ഷാര്‍ജയിലെ ഹൈന്ദവ ശ്മശാനത്തില്‍ സംസ്കരിക്കുമെന്ന് സഹോദരൻ വിജു നായര്‍ പറഞ്ഞു.

Tags:    
News Summary - DeathVinuNairSharja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.