റാസല്‍ഖൈമയില്‍ നടന്ന ‘കസ്റ്റമര്‍ കൗണ്‍സില്‍’
റാസല്‍ഖൈമ: സമൂഹത്തില്‍ സന്തോഷം നിറച്ച് ജീവിതം നിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ റാസല്‍ഖൈമയില്‍ ‘കസ്റ്റമര്‍ കൗണ്‍സില്‍’ സംഘടിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന കൗണ്‍സിലിന് പൊലീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. താരീഖ് മുഹമ്മദ് ബിന്‍ സെയ്ഫ് നേതൃത്വം നല്കി. യു.എ.ഇ സര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങളോടും സര്‍ക്കാര്‍ ആരംഭിച്ച ‘സീറോ ബ്യൂറോക്രസി’ പ്രോഗ്രാമിനോടുള്ള റാക് പൊലീസിന്റെ പ്രതിബദ്ധതയാണ് കസ്റ്റമര്‍ കൗണ്‍സിലിന്റെ സംഘാടനമെന്ന് ഡോ. താരീഖ് അഭിപ്രായപ്പെട്ടു. നടപടിക്രമങ്ങള്‍ ലളിതമാക്കുക, ഭരണപരമായ സങ്കീര്‍ണതകള്‍ ഇല്ലാതാക്കുക, സ്മാര്‍ട്ട്, ഡിജിറ്റല്‍ സേവനങ്ങള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയവയിലൂടെ ഉപഭോക്തൃ സംതൃപ്തിക്കൊപ്പം സമൂഹത്തില്‍ സന്തോഷം നിറച്ച് ജീവിത നിലവാരം ഉയര്‍ത്താനും പരിപാടി സഹായിക്കും. സുതാര്യതയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സുപ്രധാന വേദിയാണ് കസ്റ്റമര്‍ കൗണ്‍സിലെന്ന് പരിപാടിയില്‍ സംസാരിച്ച റാക് പൊലീസ് സ്ട്രാറ്റജി ആൻഡ് പെര്‍ഫോമന്‍സ് ഡെവലപ്പ്മെന്റ് വകുപ്പ് ഡയറക്ടറും കസ്റ്റമര്‍ കൗണ്‍സില്‍സ് ടീം മേധാവിയുമായ കേണല്‍ മര്വാന് അബ്ദുല്ല ജക്ക പറഞ്ഞു. മനുഷ്യന്റെ ക്ഷേമവും സുരക്ഷയും ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന യു.എ.ഇ സര്‍ക്കാറിന്റെ ശ്രമങ്ങളെ പിന്തുണക്കുന്നതാണ് ‘കസ്റ്റമര്‍ കൗണ്‍സിലുകളെന്നും അദ്ദേഹം തുടര്‍ന്നു.
റാക് പൊലീസ് ഹാപ്പിനസ് വിഭാഗം മേധാവി മേജര്‍ ഡോ. ഹമദ് അലി മുഹമ്മദ് അല്‍ ഷെഹി കസ്റ്റമര്‍ കൗണ്‍സിലുകളുടെ ലക്ഷ്യങ്ങള്‍ അവലോകനം ചെയ്തു. സര്‍ക്കാര്‍ സേവനങ്ങള്‍ രൂപവത്കരിക്കുന്നതിലും വികസിപ്പിക്കുന്നതിലും ഉപഭോക്താക്കളെ ഉള്‍പ്പെടുത്തുക, പൊലീസ്-ട്രാഫിക് സേവനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ നിരീക്ഷിക്കുക, സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്ന സംഭാവന ചെയ്യുന്ന പ്രായോഗിക പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുക തുടങ്ങി പ്രവര്‍ത്തന വെല്ലുവിളികള്‍ നേരിടുന്ന സേവനങ്ങളുടെ ഒരു പട്ടികയുടെ അവലോകനവും ചടങ്ങില്‍ അവതരിപ്പിച്ചു. ആഭ്യന്തര മന്ത്രാലയം ഹാപ്പിനസ് സെന്റര്‍ പ്രതിനിധി, വിവിധ വകുപ്പ് ഡയറക്ടര്‍മാര്‍, ഓഫീസര്‍മാര്‍, സ്ഥാപന പങ്കാളികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ റാക് പൊലീസ് സംഘടിപ്പിച്ച ‘കസ്റ്റമര്‍ കൗണ്‍സിലില്‍’ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.