ദുബൈ: കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നൽകി. ദേശീയ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷൻ കൂടിയായ നേരന്ദ്ര മോദി, മെംബർ സെക്രട്ടറി എന്നിവർക്കാണ് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ വക്താവ് ബാബു ഫ്രാൻസീസ് എന്നിവർ ചേർന്ന് നിവേദനം സമർപ്പിച്ചത്.
കോവിഡിൽ തൊഴിലും വരുമാനവും നഷ്ടെപ്പടുകയും നിരവധി പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തതോടെ പല കുടുംബങ്ങളും പട്ടിണിയിലാണ്. സുപ്രീംകോടതിവിധി പരിഗണിച്ച് ദേശീയ ദുരന്തനിവാരണ അതോറിറ്റി സഹായം നൽകാൻ തയാറാക്കുന്നവരുടെ പട്ടികയിൽ കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച പ്രവാസി കുടുംബങ്ങളെയും ഉൾപ്പെടുത്തണം.
പ്രവാസിസമൂഹത്തിെൻറ ദുരവസ്ഥ പരിഗണിച്ച് പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസി മരണങ്ങളുടെ കണക്കുകൾ ശേഖരിച്ച് തുടർ നടപടികൾക്കായി കേന്ദ്രസർക്കാറിന് സമർപ്പിക്കാൻ വിദേശത്തുള്ള ഇന്ത്യൻ നയതന്ത്ര മിഷനുകൾക്ക് നിർദേശം നൽകുക തുടങ്ങിയ ആവശ്യങ്ങൾ നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്.
മറ്റൊരു കേസിലെ കോടതി വിധിപ്രകാരം ഒരു ക്ഷേമരാഷ്ട്രം രാജ്യത്തിനകത്ത് മാത്രമല്ല, ചില സാഹചര്യങ്ങളിൽ രാജ്യത്തിന് പുറത്തുള്ള പൗരന്മാരുടെ ജീവിതവും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്ന് പറയുന്നുണ്ട്. പ്രത്യേകിച്ചും പൗരന്മാർക്ക് സ്വയം പരിരക്ഷിക്കാൻ കഴിയാത്ത അവസ്ഥയിൽ. ആർട്ടിക്കിൾ 38, 39, 39- എ എന്നിവ പ്രകാരം സാമൂഹികക്ഷേമ രാഷ്്രടത്തിൽ പ്രതിജ്ഞാബദ്ധമായ സംരക്ഷണ നടപടികൾ സ്വീകരിക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്നും നിവേദനത്തിൽ പറയുന്നു.
വ്യക്തി വിദേശത്ത് യാത്ര ചെയ്യുമ്പോഴോ താമസിക്കുമ്പോഴോ ഇന്ത്യൻ പൗരനുള്ള എല്ലാ മൗലികാവകാശങ്ങൾകും അർഹത ഉള്ളതിനാൽ കോവിഡിൽ ജീവൻ നഷ്ടപ്പെട്ട പ്രവാസികളുടെ കുടുംബാംഗങ്ങളും സഹായത്തിന് അർഹരാണ്. കേന്ദ്ര സർക്കാറിെൻറ അനുകൂല നടപടി പ്രതീക്ഷിക്കുന്നതായും പ്രവാസി ലീഗൽ സെൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.