ദുബൈ: തറാവീഹ് നമസ്കാരത്തിനായി വീടുകളിൽ സംഘടിച്ച നാല് കുടുംബങ്ങളിലെ അംഗങ്ങൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ജനസമ്പർക്കം കുറക്കുന്നതിന് ആരാധനാലയങ്ങൾ ഉൾപ്പെടെ അടച്ചുപൂട്ടിയ പശ്ചാത്തലത്തിൽ, ഇത്തരത്തിൽ വീടുകളിൽ സംഘടിച്ച് നമസ്കാരം നിർവഹിക്കുന്നത് ഒഴിവാക്കി മുൻകരുതൽ നടപടികളും സാമൂഹ്യ അകലവും പാലിക്കണമെന്ന് യു.എ.ഇ സർക്കാർ വക്താവ് ഡോ. അംന അൽ ദഹക് അൽ ഷംസി ചൂണ്ടിക്കാട്ടി.
നാല് കുടുംബങ്ങൾക്കിടയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ കോവിഡ് 19 കൊറോണ വൈറസ് പടരുന്നത് തടയാൻ മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് ഉദ്യോഗസ്ഥർ വീണ്ടും യു.എ.ഇയിലെ ആളുകളോട് അഭ്യർഥിച്ചു. മുൻകരുതൽ നടപടികളും സാമൂഹിക അകൽച്ചയും പാലിക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് ഏറ്റവും പുതുതായി കുടുംബങ്ങളിലെ കേസുകൾ വ്യക്തമാക്കുന്നത്.
എമിറേറ്റ്സ് ഫത്വ കൗൺസിലും ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെൻറും നൽകിയ നിർദേശങ്ങളും ആരോഗ്യ അധികൃതർ നൽകുന്ന പ്രതിരോധ നടപടികളും ലംഘിച്ചാണ് ഈ കുടുംബങ്ങൾ തറാവീഹ് നമസ്കാരത്തിന് ഒത്തുകൂടിയത്. ഇങ്ങനെ ഒത്തുകൂടിയതോടെ വീടുകളിൽ ക്വാറൻറീനിൽ കഴിയുന്നവരിലേക്കും അവർ വൈറസ് പകരുകയാണ് ചെയ്തതെന്നും അൽ ഷംസി കൂട്ടിച്ചേർത്തു.
പൊതുജനങ്ങൾ കർശനമായും പ്രതിരോധ നടപടികൾ പാലിക്കണമെന്ന് ആരോഗ്യമേഖലയുടെ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി ആവശ്യപ്പെട്ടു. ചില കുടുംബങ്ങൾ തുടർന്നും ഒത്തുചേരലുകളും അയൽക്കാർക്ക് ഭക്ഷണം വിതരണം നടത്തുകയും ചെയ്യുന്നത് വൈറസ് പടരാൻ കാരണമാകുന്നുണ്ട്. ഇത്തരം ശീലങ്ങൾ യു.എ.ഇ സംസ്കാരത്തിൽ ആഴത്തിൽ ഉൾച്ചേർന്നിട്ടുണ്ടെന്നറിയാം, നല്ല വിശ്വാസത്തോടെയാണെങ്കിലും പക്ഷേ ഈ രീതികൾ മറ്റുള്ളവരിലേക്ക് വൈറസ് പടർത്തും. അസാധാരണമായ ഈ സാഹചര്യങ്ങളിൽ, അത്തരം ശീലങ്ങൾ ഒഴിവാക്കുകയും സുരക്ഷക്കായി ഔദ്യോഗിക സംഘടനകൾക്ക് കൈമാറുകയുമാണ് വേണ്ടത് ” ഡോ. ഫരീദ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.