അബൂദബി: ശമ്പളവുമായി ബന്ധപ്പെട്ട കേസിൽ വനിതാ ഡോക്ടര്‍ക്ക് ശമ്പള കുടിശ്ശികയും നാട്ടിലേക്കുള്ള വിമാനടിക്കറ്റും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും നല്കാന് യു.എ.ഇയിലെ ആരോഗ്യ പരിചരണ സ്ഥാപനത്തിന് നിര്‍ദേശം നല്കി ലേബര്‍ കോടതി. ശമ്പള കുടിശ്ശികയിനത്തില്‍ 84,542 ദിര്‍ഹമും 1,500 ദിര്‍ഹമില്‍ കൂടാത്ത വിമാനടിക്കറ്റും ജോലി ചെയ്ത കാലത്തെ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും കോടതിച്ചെലവും നല്‍കണമെന്നാണ് ഉത്തരവിട്ടത്. ശമ്പള കുടിശ്ശികയിനത്തില്‍ 99,709 ദിര്‍ഹമും വാര്‍ഷിക ലീവിനത്തില് 5,600 ദിര്‍ഹമും കുടിശ്ശികയായ തീയതി മുതല്‍ തുകയുടെ 12 ശതമാനവും സ്ഥാപനത്തില്‍ നിന്ന് ഈടാക്കി നല്‍കണമെന്നും ഇതിനു പുറമേ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും 1,500 ദിര്‍ഹം ചെലവുവരുന്ന വിമാനടിക്കറ്റും നിയമപോരാട്ടത്തിന് ചെലവഴിച്ച തുകയും ആവശ്യപ്പെട്ടായിരുന്നു ഡോക്ടര്‍ ലേബര്‍ കോടതിയെ സമീപിച്ചത്.
കോടതി രേഖകള്‍ പരിശോധിച്ചപ്പോള്‍ ഡോക്ടര്‍ക്ക് 14,000 ദിര്‍ഹം അടിസ്ഥാന ശമ്പളമടക്കം 35,000 ദിര്‍ഹമായിരുന്നു മാസശമ്പളമെന്നും രണ്ടുവര്‍ഷത്തെ കരാറില്‍ ജോലിക്കുകയറിയ ഇവര്‍ ആറുമാസത്തില്‍ താഴെ മാത്രമാണ് ജോലി ചെയ്തതെന്നും കണ്ടെത്തി. വേതനം കുടിശ്ശികയുണ്ടെന്ന ഡോക്ടറുടെ വാദം നിരാകരിക്കുന്നതിനുള്ള ഒരു തെളിവും നല്കാന് സ്ഥാപനത്തിന് കഴിഞ്ഞില്ല. എന്നാല്‍, ഡോക്ടര്‍ ജോലി സമയത്തില്‍ വീഴ്ചവരുത്തിയെന്നും വൈകി വരുകയും നേരത്തേ പോവുകയും ചെയ്തിരുന്നുവെന്നും ലീവ് എടുത്തിരുന്നുവെന്നും സ്ഥാപനം വാദിച്ചു. എന്നാലിത് തെളിയിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ സ്ഥാപനത്തിനായില്ല.
തുടര്‍ന്നാണ് കോടതി പരാതിക്കാരിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. അതേസമയം ആറുമാസത്തില്‍ താഴെ മാത്രമാണ് പരാതിക്കാരി സ്ഥാപനത്തില്‍ ജോലി ചെയ്തത് എന്നതിനാല്‍ അവര്‍ ആവശ്യപ്പെട്ട വാര്‍ഷിക ലീവിനത്തിലുള്ള കുടിശ്ശികക്ക് അര്‍ഹയല്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.