സ്കൈപോഡ് ഗതാഗത സംവിധാനത്തിൽ കണ്ടെയ്നറുകൾ ഉൾപ്പെടുത്തുന്ന രീതി
ഷാർജ: എമിറേറ്റിൽ ആരംഭിക്കുന്ന അതിവേഗ സ്കൈപോഡ് ഗതാഗത സംവിധാനത്തിൽ കണ്ടെയ്നറുകളെയും ഉൾപ്പെടുത്താൻ പദ്ധതി. എമിറേറ്റിലെ യാത്രക്കാരുടെ സഞ്ചാരത്തിനാണ് സ്റ്റീൽ ചരടിൽ ബന്ധിപ്പിച്ച തൂങ്ങിക്കിടക്കുന്ന ഡ്രൈവറില്ലാ റോഡ് ഗതാഗത സംവിധാനം ഒരുക്കിയത്. ഇത് കണ്ടെയ്നറുകൾ കൊണ്ടുപോകുന്നതിനും ഉപയോഗിക്കാനുമാണ് പുതുതായി പദ്ധതിയിടുന്നത്. ഷാർജ റിസർച്ച് ടെക്നോളജി ആൻഡ് ഇന്നവേഷൻ പാർക് പദ്ധതി ഡിസംബറോടെ നടപ്പിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വെളിപ്പെടുത്തി. നിലവിൽ കണ്ടെയ്നർ ടെർമിനലുകൾ പൂർത്തിയായതായും 'റെയിൽ നൂലു'കൾ ബന്ധിപ്പിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. ചരക്കു കടത്താൻ നിലവിൽ ഉപയോഗിക്കുന്ന സംവിധാനങ്ങൾക്ക് പരിസ്ഥിതിക്ക് അനുയോജ്യമായ ബദലാണ് ഇതെന്നും അധികൃതർ വ്യക്തമാക്കി.
പരമ്പരാഗത കേബ്ൾ കാർ സംവിധാനത്തിൽ നിന്നും ട്രാമുകളിൽ നിന്നും വ്യത്യസ്തമായി സ്വതന്ത്രമായി മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്നതാണ് സ്കൈപോഡ്. നാല് യാത്രക്കാരെ വഹിക്കുന്ന സ്കൈപോഡുകളാണ് നേരത്തെ പരീക്ഷണം പൂർത്തിയാക്കിയത്. ട്രെയിൻ സർവിസുകളുമായി ഇതിനെ ബന്ധിപ്പിക്കാനും സാധിക്കുമെന്ന് അധികൃതർ അവകാശപ്പെടുന്നു. വിവിധങ്ങളായ പുതിയ സഞ്ചാര സാധ്യതകൾ വേറെയും ഷാർജ റിസർച്ച് ടെക്നോളജി ആൻഡ് ഇന്നവേഷൻ പാർക്ക് പരീക്ഷിക്കുന്നുണ്ട്. 20 യാത്രക്കാരെ വരെ വഹിക്കുന്ന ഡ്രൈവറില്ലാത്ത ബസുകൾ ഇതിൽ പ്രധാനപ്പെട്ടതാണ്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുപയോഗിച്ച് സഞ്ചരിക്കുന്ന ഇത്തരം സംവിധാനങ്ങളും പരീക്ഷണ ഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.