ദുബൈ: യു.എ.ഇയിലെ ഗതാഗത രംഗത്ത് പുതിയ നാഴികക്കല്ലായി മാറുന്ന ദുബൈ ലൂപ്പിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇതിന് മുന്നോടിയായി ‘വരൂ ഞങ്ങൾക്കൊപ്പം കുഴിക്കാം’ എന്ന ഹാഷ്ടാഗിൽ തൊഴിലാളികളെ ക്ഷണിച്ചിരിക്കുകയാണ് നിർമാണ കമ്പനിയായ ഇലോൺ മസ്കിന്‍റെ ദി ബോറിങ് കമ്പനി. പ്രീകാസ്റ്റ് കോൺക്രീറ്റ് പാളികളുടെ നിർമാണമാണ് ആദ്യ ഘട്ടത്തിൽ തുടങ്ങുക. നഗരത്തിന്‍റെ സുപ്രധാനമായ മേഖലകളെ ബന്ധിപ്പിക്കുന്ന സംവിധാനമാണ് ദുബൈ ലൂപ്പ്. 6.4 കിലോമീറ്റർ നീളത്തിൽ നാല് സ്റ്റോപ്പുകളുമായി ദുബൈ ഇന്‍റർനാഷനൽ ഫിനാൻഷ്യൽ സെന്‍ററിൽ നിന്ന് ദുബൈ മാളിലേക്കാണ് ആദ്യ ടണൽ നിർമിക്കുന്നത്. മൊത്തം 22.5 കിലോമീറ്റർ നീളത്തിലാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.
ആകെ 19 സ്റ്റേഷനുകളാണ് ദുബൈ ലൂപ്പിനുണ്ടാവുക. ദുബൈ വേൾഡ് ട്രേഡ് സെന്‍റർ, ബിസിനസ് ബേ എന്നിവിടങ്ങളും പദ്ധതിയുടെ പരിധിയിൽ വരും. ഓരോ ടണലും ഓരോ സ്ഥലത്തോണ് സഞ്ചരിക്കുക. വൺവേ ട്രാഫിക് മാത്രം അനുവദിക്കുന്ന ഇരട്ട ടണലുകളാണ് ഓരോ സ്ഥലത്തേക്കും നിർമിക്കുന്നത്. തിരക്കേറിയ റോഡുകളുടെ ബൈപ്പാസുകളായിരിക്കും ഈ ലൂപ്പുകൾ. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഭാവിയുടെ ഗതാഗത മാർഗത്തിലേക്കുള്ള യു.എ.ഇയുടെ ചുവട്വെപ്പാണിതെനന് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സഹ മന്ത്രി ഉമർ സുൽത്താൻ അൽ ഉലമ പറഞ്ഞു. റോഡിലെ ഗതാഗത കുരുക്കിൽ നിന്നും ജങ്ഷനുകളിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗമായിരിക്കും ദുബൈ ലൂപ്പ്. നഗരത്തിലെ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ചായിരിക്കും ടണലുകൾ നിർമിക്കുക. അതേസമയം, കൺസ്ട്രക്ഷൻ മാനേജർ, പ്രീ കാസ്റ്റ് ഓപ്പറേഷൻസ് ഹെഡ്, സിവിൽ-സ്ട്രക്ചറൽ, ജിയോ ടെക്നിക്കൽ എൻജിനീയർമാർ, ആർട്ടിടെക്ട്, മെക്കാനിക്കൽ എൻജിനീയർ, പരിസ്ഥിതി, ആരോഗ്യ, സുരക്ഷ ഉദ്യോഗസ്ഥർ തുടങ്ങിയ തസ്തികകളിലേക്കാണ് നിലവിൽ നിയമനം നടത്തുന്നതെന്ന് ദി ബോറിങ് കമ്പനി വ്യക്തമാക്കുന്നു. കഴിഞ്ഞ ലോക സർക്കാർ സമ്മേളനത്തിലാണ് ദുബൈ ലൂപ്പ് പദ്ധതിക്കുള്ള കരാറിൽ ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യും ഇലോൺ മസ്കും ഒപ്പുവെച്ചത്. ആദ്യ ഘട്ടം പൂർത്തിയാക്കാൻ 15.4 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മൊത്തം ചെലവ് 54.5 കോടി ഡോളറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.