ദുബൈ: നഗരത്തിലെ പ്രധാന റസിഡൻഷ്യൽ, വ്യവസായ മേഖലകളിൽ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച 103 കിലോമീറ്റർ ഉൾറോഡ് വികസന പദ്ധതികളിൽ രണ്ടിടത്ത് നിർമാണം പൂർത്തിയായി. എട്ട് റസിഡൻഷ്യൽ, വ്യവസായ മേഖലകളിലൂടെ കടന്നുപോകുന്നതാണ് ഈ റോഡുകൾ. ഇതിൽ അൽ ഖവാനീജ് 2, ജബൽ അലി വ്യവസായ മേഖല 1 എന്നിവിടങ്ങളിലെ റോഡുകളുടെ നിർമാണമാണ് പൂർത്തിയായതെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. നാദൽ ശിബ 1, 3, 4, അൽ അവിർ 1, വാദി അൽ അമർദി, അൽവർഖ എന്നിവിടങ്ങളിലെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്.
അൽ ഖവാനീജ് 2ൽ അമ്മാൻ സ്ട്രീറ്റുമായും സമീപ പ്രദേശങ്ങളുമായും ബന്ധിപ്പിച്ച് ആറ് കിലോമീറ്റർ നീളത്തിലാണ് ഉൾറോഡുകൾ നിർമിച്ചിരിക്കുന്നത്. ഇതുകൂടാതെ റോഡരികിലായി 765 പാർക്കിങ് സ്ഥലങ്ങൾ, 178 വൈദ്യുതി തൂണുകൾ, സൈക്ലിങ് ട്രാക് എന്നിവയും പദ്ധതിയിൽ ഉൾപ്പെടും. 27 കിലോമീറ്റർ നീളത്തിലാണ് ജബൽ അലി വ്യവസായ മേഖല ഒന്നിൽ നടത്തിയ റോഡ് വികസനം. ഫസ്റ്റ് അൽ ഖലീൽ സ്ട്രീറ്റ്, സ്ട്രീറ്റ് 23 എന്നീ റൗണ്ട് എബൗട്ടുകളെ സിഗ്നലുകളോടു കൂടി ജങ്ഷനുകളാക്കി മാറ്റുക, അധികമായി ഏഴ് റൗണ്ട്എബൗട്ടുകളുടെ വികസനം, 42 കിലോമീറ്റർ റോഡുകളിൽ ലൈറ്റിങ് സംവിധാനങ്ങൾ ഒരുക്കൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടും. വികസനം പൂർത്തിയാകുന്നതോടെ ഇടറോഡുകൾക്ക് മണിക്കൂറിൽ ഉൾക്കൊള്ളാവുന്ന വാഹനങ്ങളുടെ ശേഷി 3,000 ആയി ഉയരും. കൂടാതെ വ്യവസായ ഹബുകളിൽ ഹെവി വാഹനങ്ങളുടെ ഗതാഗതം ഇതുവഴി സുഗമമാകുകയും ചെയ്യും.
നഗര വികസനത്തിനും ജനസംഖ്യ വളർച്ചക്കും അനുസരിച്ചുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും താമസക്കാരുടെ സാമൂഹിക ക്ഷേമവും സന്തോഷവും വർധിപ്പിക്കുന്നതിനുമായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയെന്ന ഭരണനേതൃത്വത്തിന്റെ നിർദേശങ്ങൾക്ക് കീഴിലാണ് ഉൾറോഡുകളുടെ നിർമാണം നടക്കുന്നതെന്ന് ആർ.ടി.എ എക്സിക്യൂട്ടിവ് ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.