അബ്ദുൽ കരീം എന്ന ലാലയും നസീർ എന്ന ഷിക്കുവും
ഷാർജ: രസകരമായ മുഹൂർത്തങ്ങളിലൂടെ പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർത്ത് ഇൻസ്റ്റഗ്രാമിൽ വൈറൽ താരങ്ങളായി മാറിയ കൊമ്പങ്കാട് കോയയും കുഞ്ഞാപ്പുവും പ്രവാസികളെ കാണാനെത്തുന്നു. ഗൾഫ് മാധ്യമം കമോൺ കേരളയിലാണ് പ്രേക്ഷകരെ രസിപ്പിക്കാൻ ഇരുവരും അതിഥികളായെത്തുന്നത്. ഷാർജ എക്സ്പോ സെന്ററിൽ ജൂൺ ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ രാവിലെ പത്തുമുതൽ രാത്രി പത്തുവരെയാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ സംസ്കാരിക, വാണിജ്യ, വിനോദ, വിജ്ഞാന മേളക്ക് അരങ്ങൊരുങ്ങുന്നത്.
ഷാർജ എക്സ്പോ സെന്ററിൽ മൂന്നു ദിവസവും ഏത് സമയവും എവിടെയും നിങ്ങൾക്ക് കൊമ്പങ്കാട് കോയയേയും മകനെയും പ്രതീക്ഷിക്കാം. പല വേഷങ്ങളിലും പല ഭാവങ്ങളിലും അവർ നിങ്ങളിൽ ഒരാളായി മാറും. ചിലപ്പോഴൊക്കെ പ്രേക്ഷകർക്കൊപ്പം ചേർന്ന് അവരിലൊരാളായി കമോൺ കേരളയുടെ സദസ്സിൽ അവരുണ്ടാകും. മിമിക്രിയും സ്കിറ്റുകളും പൊടിക്കൈകളും ഗെയിമുകളുമെല്ലാമായി പ്രേക്ഷകരെ കൈയിലെടുക്കാനാണ് കൊമ്പാങ്കാട് കോയയുടെയും മകന്റെയും പ്ലാൻ. സ്റ്റേജിൽ മാത്രമല്ല, എക്സ്പോ സെന്ററിന്റെ പവലിയനിലും ഫുഡ് കോർട്ടിലും മത്സരവേദികളിലും ആക്ടിവിറ്റി സ്റ്റേജിലുമെല്ലാം പ്രേക്ഷകർക്ക് സർപ്രൈസുമായി ഇവരെത്തും.
പ്രേക്ഷകർ എന്ത് ആഗ്രഹിക്കുന്നുവോ ആ കഥാപാത്രമായി മാറാനാണ് ഇവരുടെ പ്ലാൻ. ഒരു വേദിയിൽ മാത്രം ഒതുങ്ങിനിൽക്കാതെ, എന്നാൽ എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്ന വിധം പൊടിക്കൈകളുമായാണ് ഇവർ കമോൺ കേരളയുടെ വേദി കൈയടക്കാനെത്തുന്നത്. മൂന്നുദിവസവും മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായിട്ടാവും ഇവർ പ്രേക്ഷകർക്കു മുന്നിലെത്തുക.
വിജയകരമായി പൂർത്തിയാക്കിയ അഞ്ചു എഡിഷനുകൾക്ക് ശേഷമാണ് പ്രവാസികളുടെ ഇഷ്ടവിനോദമായ കമോൺ കേരളയുടെ ആറാമത്തെ വരവ്. കഴിഞ്ഞവർഷത്തെ പോലെ രാവിലെ 10 മുതൽ രാത്രി 10 വരെ നീണ്ടു നിൽക്കുന്ന പരിപാടികളാണ് ഇത്തവണയും ആസൂത്രണം ചെയ്തിരിക്കുന്നത്. വൈകീട്ട് ആറുമുതൽ മൂന്ന് രാത്രികളിലും പ്രേക്ഷകരുടെ മനം കുളിർപ്പിക്കുന്ന ഇഷ്ട ഗാനങ്ങളുമായി പ്രശസ്ത ഗായകർ വേദിയിലെത്തും.
ആദ്യദിനം ലോക പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള റഹ്മാനിയയും രണ്ടാം ദിനത്തിൽ ഓർമകളെ തൊട്ടുണർത്തുന്ന മനോഹരമായ പാട്ടുകളുമായി വേവ്സ് ഓഫ് മെമ്മറീസും മൂന്നാം ദിനത്തിൽ കേരളത്തിന്റെ ഹൃദയത്തുടിപ്പുള്ള ഗാനങ്ങളുമായി ബീറ്റ്സ് ഓഫ് കേരളയും വേദിയിൽ അരങ്ങേറും.cokuae.com എന്ന ലിങ്കിൽ കയറി ടിക്കറ്റുകൾ സ്വന്തമാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.