ഗ്ലോബൽ വില്ലേജിൽ ആരംഭിച്ച ‘ക്ലോസർ ടു യു’ ഇനിഷ്യേറ്റീവിന്റെ ഇന്ററാക്ടീവ് പ്ലാറ്റ്ഫോം
ദുബൈ: പൊതുജനങ്ങളുമായി നേരിട്ടുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക, സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് ഏറ്റവും വേഗത്തിൽ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്-ദുബൈ സംഘടിപ്പിക്കുന്ന ‘ക്ലോസർ ടു യു’ ഇനിഷ്യേറ്റീവിന് ഗ്ലോബൽ വില്ലേജിൽ തുടക്കമായി. സംരംഭം ഫെബ്രുവരി അഞ്ച് വരെ തുടരും. ഗ്ലോബൽ വില്ലേജിലെത്തുന്ന സന്ദർശകർക്ക് വിനോദത്തിനൊപ്പം ദുബൈയിലെ ഔദ്യോഗിക വിസ സേവനങ്ങളും ഏറ്റവും പുതിയ സ്മാർട്ട് സർക്കാർ സേവനങ്ങളും ഒരേ പ്ലാറ്റ്ഫോമിൽ പരിചയപ്പെടാം എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഇതിനായി പ്രത്യേകം സജ്ജീകരിച്ച ഇന്ററാക്ടീവ് പ്ലാറ്റ്ഫോമിൽ ജി.ഡി.ആർ.എഫ്.എ ദുബൈയുടെ വിവിധ സേവനങ്ങളെക്കുറിച്ച് നേരിട്ടറിയാനും ആവശ്യമായ നടപടികൾ ലളിതമായി പൂർത്തിയാക്കാനും അവസരമുണ്ട്.
വിസ പുതുക്കൽ, എൻട്രി പെർമിറ്റുകൾ, ഗോൾഡൻ വിസ, വർക്ക് പെർമിറ്റ്, ഐഡന്റിറ്റി-നാഷണാലിറ്റി സേവനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. കൂടാതെ കുട്ടികൾക്കായുള്ള പാസ്പോർട്ട് കൺട്രോൾ, 04 പ്ലാറ്റ്ഫോം, റെഡ് കാർപെറ്റ് കോറിഡോർ, ഹാപ്പിനസ് കാർഡ് തുടങ്ങിയ പ്രത്യേക സേവനങ്ങൾ പരിചയപ്പെടാനും ഇവിടെ നിന്ന് സാധിക്കുമെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. ദിവസവും വൈകീട്ട് നാലു മുതൽ രാത്രി 11 മണി വരെ പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്ഫോമിൽ ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.