മരുന്ന്​ കുത്തക അവസാനിപ്പിക്കാൻ യു.എ.ഇയിൽ പുതിയ നിയമം

ദുബൈ: മരുന്ന്​ ഉൽപന്നങ്ങളുടെ മേഖലയിൽ കുത്തകവൽകരണം തടയുന്നതിന്​ പുതിയ നിയമം അവതരിപ്പിച്ച്​ യു.എ.ഇ. എമിറേറ്റ്​സ്​ ഡ്രഗ്​ എസ്റ്റാബ്ലിഷ്​മെന്‍റാണ്​ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഓരോ മെഡിക്കൽ ഉൽപ്പന്നത്തിനും ഒന്നിലധികം ഏജന്റുമാരെ നിയമിക്കണമെന്ന നിയമം പുറപ്പെടുവിച്ചത്​.

ഇത്​ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താൻ സഹായിക്കുന്ന നടപടികൂടിയാണ്​. രാജ്യ​ത്ത്​ ഇത്തരമൊരു നിയമം ആരോഗ്യ മേഖലയിൽ ആദ്യമായാണ്​ അവതരിപ്പിക്കുന്നത്​. അടിയന്തിര ഘട്ടങ്ങളിലും മറ്റും മരുന്ന്​ വിതരണത്തിലുണ്ടാകുന്ന തടസ്സങ്ങൾ ഇല്ലാതാക്കാനും നടപടി സഹായിക്കും.

2024ലെ ഫെഡറൽ നിയമം അനുസരിച്ചാണ്​ നടപടി സ്വീകരിച്ചിരിക്കുന്നത്​. ദേശീയ ഔഷധസുരക്ഷ ശക്തിപ്പെടുത്തുക, അടിയന്തര സാഹചര്യങ്ങളിൽ വിതരണ തടസങ്ങൾ ഒഴിവാക്കുക, എല്ലാ എമിറേറ്റുകളിലുമായി മരുന്നുകളുടെ സ്ഥിരമായ ലഭ്യത ഉറപ്പാക്കുക എന്നിവയാണ് പ്രധാന നിയമത്തിന്‍റെ ലക്ഷ്യങ്ങൾ. പുതിയ സംവിധാനം വഴി ഒരു മരുന്നിന് ഒരൊറ്റ വിതരണക്കാരനെന്ന രീതി അവസാനിക്കും.

സ്റ്റോക്ക് മാനേജ്മെന്റ് മെച്ചപ്പെടുത്തൽ, വേഗത്തിലുള്ള വിതരണം, ഗുണനിലവാര മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തൽ, സംഭരണവും ഗതാഗതവും കൂടുതൽ കാര്യക്ഷമമാക്കൽ എന്നിവക്കും നടപടി സഹായകരമാകും. ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരം വർധിക്കാനും ചികിത്സാ ഓപ്ഷനുകൾ വിപുലമാവാനും നിയമം സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്​.

ആരോഗ്യ-സാമ്പത്തിക രംഗങ്ങളിലെ മാറ്റങ്ങൾക്കൊപ്പം നീങ്ങുന്ന ശക്തമായ ദേശീയ ഫാർമസ്യൂട്ടിക്കൽ സംവിധാനമാണ് ലക്ഷ്യമെന്ന്​ എമിറേറ്റ്​സ്​ ഡ്രഗ്​ എസ്റ്റാബ്ലിഷ്​മെന്‍റ്​ ചെയർമാനും യു.എ.ഇ സഹമന്ത്രിയുമായ സഈദ്​ ബിൻ മുബാറക്​ അൽ ഹാജ്​രി പറഞ്ഞു.

വിതരണക്കാർ വർധിക്കുകയും നിയമപരമായ കാര്യക്ഷമത മെച്ചപ്പെടുത്തുകയും പൊതുജനാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നതിൽ എസ്റ്റാബ്ലിഷ്​മെന്‍റ്​ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. യു.എ.ഇയിലെ മികച്ച അടിസ്ഥാന സൗകര്യങ്ങളും ആധുനിക നിയമ സംവിധാനങ്ങളും ആഗോള ഫാർമസ്യൂട്ടിക്കൽ കമ്പനികളെ രാജ്യത്ത് നിക്ഷേപത്തിന്​ ആകർഷിക്കുന്നതായും, നവീനവും ജനറിക് മരുന്നുകളും രാജ്യത്ത് തന്നെ നിർമ്മിക്കാൻ സൗകര്യമൊരുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - New law in the UAE to end drug monopoly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.