അബൂദബി: കഴിഞ്ഞ സാമ്പത്തിക വർഷം ലാഭത്തിൽ വൻ വർധന രേഖപ്പെടുത്തിയതിന് പിന്നാലെ കൂടുതൽ മേഖലകളിൽ നിക്ഷേപവും മെഗാ റിക്രൂട്ട്മെന്റും പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേഴ്സ്. അടുത്ത പത്തു വർഷത്തിനുള്ളിൽ പുതിയ വിമാനങ്ങൾ വാങ്ങുന്നതിനായി 8000 കോടി ദിർഹമാണ് ഇത്തിഹാദ് നിക്ഷേപിക്കുക.
പ്രതിവർഷം 20 വിമാനങ്ങൾ വാങ്ങാനാണ് പദ്ധതിയെന്ന് യു.എ.ഇയുടെ ദേശീയ എയർലൈനായ ഇത്തിഹാദ് എയർവേഴ്സ് സി.ഇ.ഒ അന്‍റോനോൾഡോ നെവ്സ് പറഞ്ഞു. വെർച്വൽ മീഡിയ സമ്മേളനത്തിൽ സംസാരിക്കവെയാണ് വൻ വിപുലീകരണ പദ്ധതികൾ ഇദ്ദേഹം വെളിപ്പെടുത്തിയത്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ പ്രതിവർഷം 2500നും 3,000ത്തിനും ഇടയിൽ പുതിയ ജീവനക്കാരെ നിയമിക്കുന്നതിനായി മെഗാ റിക്രൂട്ട്മെന്റും നടത്തും.
2025ൽ കമ്പനി പുതുതായി 3200 ജീവനക്കാരെ നിയമിച്ചിരുന്നു. കൂടാതെ 2200 ജീവനക്കാർക്ക് സ്ഥാനക്കയറ്റവും പ്രഖ്യാപിച്ചിരുന്നു. 16,00 കാബിൻ ക്രൂ, 400നടുത്ത് പൈലറ്റുമാർ എന്നിവരെയാണ് പുതുതായി നിയമിച്ചത്. പ്രവർത്തന ക്ഷമതയും നേതൃത്വവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 15,00 കാബിൻ ക്രൂവുകൾക്കും 150 പൈലറ്റുമാർക്കും പ്രമോഷനും പ്രഖ്യാപിച്ചിരുന്നു. നിലവിൽ 152 രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്.
അതോടൊപ്പം യു.എ.ഇയുടെ ദേശീയ പ്രതികഭകളെ കാഡറ്റ് പൈലറ്റ് പ്രോഗ്രാമുകളിലൂടെയും നേതൃത്വ സംരംഭകങ്ങളിലൂടെയും വികസിപ്പിക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം 29 വിമാനങ്ങളാണ് കമ്പനി വാങ്ങിയത്. ഇതോടെ മൊത്തം വിമാനങ്ങളുടെ എണ്ണം ചരിത്രത്തിൽ ആദ്യമായി 127 ആയി ഉയർന്നു.
2025ൽ കമ്പനിയുടെ ലാഭം 47 ശതമാനം വർധിച്ച് 260 കോടി ദിർഹമിലെത്തിയിരിക്കുകയാണ്. പാസഞ്ചർ, കാർഗോ രംഗത്തുണ്ടായ ശക്തമായ വളർച്ചയാണ് ലാഭവർധനവിന് കാരണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം 21 ശതമാനം വർധിച്ച് 22.4 ദശലക്ഷത്തിലെത്തി. മൊത്തം വരുമാനം 21 ശതമാനം വർധിച്ച് 3007 കോടി ദിർഹമായി.
യാത്ര വിമാനങ്ങളിലൂടെയുള്ള വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 24 ശതമാനം വർധിച്ച് 25.8 ശതകോടി ദിർഹമും കാർഗോ രംഗത്തുള്ള വുരമാനം എട്ട് ശതമാനം വർധിച്ച് 4.5 ശതകോടി ദിർഹമും ആണ്.
photo: Ethihad airways
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.