ദുബൈ: യു.എ.ഇയിൽ അതികഠിനമായ ചൂടുണ്ടാകുമെന്ന വിധത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പരക്കുന്ന വാർത്തകൾ വിശ്വസിക്കേണ്ടെന്ന് അധികൃതർ. രാജ്യത്ത് ഉഷ്ണ തരംഗം ഉണ്ടാകുമെന്ന രീതിയിൽ വാട്സാപ്പിലും മറ്റുമാണ് ഉൗഹാപോഹങ്ങൾ പരക്കുന്നത്. ചൂട് 50 ഡിഗ്രിയും കടക്കുമെന്നും വാഹനങ്ങൾ ശ്രദ്ധിച്ച് ഉപയോഗിക്കണമെന്നുമാണ് സന്ദേശങ്ങളിലുള്ളത്.
ഇത് സത്യവിരുദ്ധമാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ചൂട് ഇനിയും വലിയ തോതിൽ വർധിക്കാൻ സാധ്യതയില്ലെന്നാണ് അവരുടെ നിഗമനം. ഇൗ വർഷത്തെ ഏറ്റവും കൂടിയ ചൂട് ഇൗ മാസം ആദ്യം രേഖപ്പെടുത്തിക്കഴിഞ്ഞു. 50.8 ഡിഗ്രിയായിരുന്നു ഇത്. അന്തരീക്ഷത്തിൽ ചൂട് കൂടുന്നത് വാഹനത്തെ ബാധിക്കില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു. ചൂട് കൂടുന്നതിനാൽ വൈകുന്നേരങ്ങളിൽ മാത്രമെ ഇന്ധനം നിറക്കാവൂ എന്നും ടാങ്ക് നിറയെ ഇന്ധനം നിറക്കരുതെന്നും പ്രചാരണമുണ്ടായിരുന്നു.
എന്നാൽ, കൃത്യമായ ഇടവേളകളിൽ സർവീസ് ചെയ്യുകയും ടയറുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും ചെയ്താൽ മതിയാകും. നിലവാരമുള്ള ടയറുകൾ മാത്രമെ ഉപയോഗിക്കാവൂ. വായുമർദം നിർദേശിക്കപ്പെട്ട അളവിൽ കുറയരുത്. മാസത്തിൽ ഒരിക്കലെങ്കിലും ഇത് പരിശോധിക്കണം. വായുവിന്പകരം നൈട്രജൻ നിറക്കുന്നത് നല്ലതാണ്. വാഹന നിർമാതാക്കൾ നിർദേശിച്ചിരിക്കുന്ന അളവിലുള്ള ടയറുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.