ദുബൈ: മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഈടാക്കിയിരുന്ന ഫീസ് ഒഴിവാക്കിയതായി പ്രഖ്യാപിച്ച് ദുബൈയിലെ ഏറ്റവും വലിയ എമിറേറ്റിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എമിറേറ്റ്‌സ് എൻ.ബി.ഡി. രാജ്യത്തിനകത്തുള്ള മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളിൽ നിന്നും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗ രാജ്യങ്ങളിലെ ഏത് ബാങ്കിന്‍റെ എ.ടി.എം സെന്‍ററുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഫീസ് ഈടാക്കില്ലെന്ന് ബാങ്ക് അറിയിച്ചു. കൂടാതെ ഡെബിറ്റ് കാർഡ് റീപ്ലേസ്മെന്റിന് ഈടാക്കിയിരുന്ന ഫീസും ഒഴിവാക്കിയതായി എൻ.ബി.ഡി പ്രഖ്യാപിച്ചു. മേഖലയിൽ കനത്ത വെല്ലുവിളികൾ നേരിടുന്ന സമയത്ത് ഉപഭോക്താക്കൾക്ക് ആശ്വാസം എന്ന നിലയിലാണ് ബാങ്കിന്‍റെ നടപടി.
മാർച്ച് 31 വരെയാണ് ഈ ആനുകൂല്യമെന്ന് പ്രാദേശിക മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ ബാങ്ക് അറിയിച്ചു. മേഖലയിലെ സമീപകാല സംഭവ വികാസങ്ങളുടെ സാഹചര്യത്തിൽ ഉപഭോക്താക്കളെ പിന്തുണക്കുന്നതിനും കൂടുതൽ സൗകര്യപ്രദവും സുഗകരവുമായ ബാങ്കിങ് അനുഭവം സമ്മാനിക്കുന്നതിനുള്ള ബാങ്കിന്‍റെ പ്രതിബദ്ധതയാണ് ഈ നീക്കം പ്രതിഫലിക്കുന്നത്. ഉപഭോക്താക്കൾക്ക് ആവശ്യമുള്ളപ്പോൾ പണം ഉപയോഗിക്കാനും പുതിയ കാർഡിന് അപേക്ഷിക്കാനും എമിറേറ്റ്‌സ് എൻ.ബി.ഡിയുമായി തടസ്സമില്ലാതെ ബാങ്കിങ് തുടരാനും കഴിയും. സംശയങ്ങൾക്ക്, സഹായത്തിനായി ഔദ്യോഗിക കോൺടാക്റ്റ് ചാനലുകൾ ലഭ്യമാണെന്നും ബാങ്ക് അധികൃതർ കൂട്ടിച്ചേർത്തു. അതേസമയം, യു.എ.ഇയിലെ സാമ്പത്തിക, ബാങ്കിങ് മേഖല ഉയർന്ന നിലവാരവും കരുത്തും സ്ഥിരതയും പ്രകടിപ്പിക്കുന്നതായി സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.