ദുബൈ: എമിറേറ്റിൽ വ്യക്തികളുടെയും വസ്തുവകകളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ പൊതുസുരക്ഷാ നിയമം പ്രഖ്യാപിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പുറപ്പെടുവിച്ച നിയമം ഈ വർഷം ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും.
വ്യക്തികളുടെയും സ്വത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കുകയും അപകടങ്ങളാൽ ഉണ്ടാകുന്ന പരിക്കുകളും മരണങ്ങളും കുറക്കുകയും ചെയ്യുന്നതാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം. വേദികളും പൊതുപരിപാടികളും നടത്തുമ്പോൾ മതിയായ ലൈറ്റിങും വായുസഞ്ചാരവും, സുരക്ഷിതമായ പ്രവേശനവും പുറത്ത് പോകുന്നതിനുള്ള സൗകര്യങ്ങളും, തിരക്ക് ഒഴിവാക്കാൻ ആളുകളുടെ എണ്ണം നിയന്ത്രിക്കുന്ന സംവിധാനവും നിയപ്രകാരം നിർബന്ധമാകും.
കൂടാതെ ശബ്ദനില നിയന്ത്രിച്ച് കേൾവി പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണമെന്നും നിയമം നിഷ്കർഷിക്കുന്നുണ്ട്.
വേദികളിൽ അഗ്നിശമന ഉപകരണങ്ങൾ, അടിയന്തര ഒഴിപ്പിക്കൽ പദ്ധതികൾ, ഫസ്റ്റ് എയ്ഡ് സൗകര്യങ്ങൾ, പരിശീലനം ലഭിച്ച സുരക്ഷാ സൂപ്പർവൈസർമാർ, അലാറം സംവിധാനങ്ങൾ, സുരക്ഷാ ബോർഡുകൾ എന്നിവ ഒരുക്കണം. ഓരോ വേദിക്കും വ്യക്തമായ പൊതുസുരക്ഷാ മാനേജ്മെന്റ് പ്ലാനും ഉണ്ടായിരിക്കണം. ഇതുകൂടാതെ താമസിക്കുന്ന കെട്ടിടങ്ങളുടെ പരിപാലന പ്രവർത്തനങ്ങൾ, വൈദ്യുത ഉപകരണങ്ങൾ, സ്വിമ്മിങ് പൂളുകൾ, കടൽത്തീരങ്ങൾ എന്നിവക്കും പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ നിയമം നിർദേശിക്കുന്നുണ്ട്.
പൊതുജനങ്ങൾക്കും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ട ബാധ്യതയുണ്ട്. പൊതുസ്ഥലങ്ങളിലും വിനോദവേദികളിലും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണം. ബീച്ചുകളിൽ അനുവദിച്ചിരിക്കുന്ന സമയങ്ങളിൽ മാത്രമേ നീന്താൻ പാടുള്ളൂ.
സ്റ്റാഫിന് മാത്രം അനുവദിച്ചിരിക്കുന്ന പ്രദേശങ്ങളിലേക്കോ നിരോധിത മേഖലകളിലേക്കോ പ്രവേശിക്കരുത്. അനുമതിയില്ലാതെ പടക്കങ്ങൾ, സ്ഫോടക വസ്തുക്കൾ, വിഷമുള്ളതോ ജ്വലനശീലമുള്ളതോ ആയ വസ്തുക്കൾ കൈകാര്യം ചെയ്യുന്നത് നിയമം നിരോധിക്കുന്നുണ്ട്. മനുഷ്യ ഉപയോഗത്തിനും വിനോദത്തിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ഉപകരണങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. അവക്കൊപ്പം അറബിയിലും ഇംഗ്ലീഷിലും സുരക്ഷിത ഉപയോഗ നിർദേശങ്ങളും നൽകണം.
നിയമലംഘനങ്ങൾക്ക് 500 ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്താം. ഒരുവർഷത്തിനകം കുറ്റം ആവർത്തിച്ചാൽ പിഴ 20 ലക്ഷം ദിർഹം വരെ ഉയരാം.
നിയമലംഘനങ്ങൾ രേഖപ്പെടുത്താനും ആവശ്യമായാൽ പൊലീസിന്റെ സഹായം തേടാനും ദുബൈ മുനിസിപ്പാലിറ്റിക്കും ബന്ധപ്പെട്ട അധികാരികൾക്കും അധികാരം നൽകിയിട്ടുണ്ട്. പുതിയ നിയമത്തിലെ വ്യവസ്ഥകൾ എല്ലാ സ്ഥാപനങ്ങളും രണ്ടുവർഷത്തിനകം പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.