അജ്മാന്: ഒട്ടകങ്ങളുടെ ഓട്ടമത്സരത്തിനും സൗന്ദര്യമത്സരങ്ങൾക്കുമായി മുഹമ്മദ് ബിൻ സായിദ് ഫെസ്റ്റിവലിന് അജ്മാനില്‍ തുടക്കമായി. അല്‍ തല്ല-2023 എന്നപേരില്‍ തിങ്കളാഴ്ച ആരംഭിച്ച മേള ആറുവരെ നീണ്ടുനില്‍ക്കും. രാജ്യത്തിന്റെ വിവിധ മേഖലകളിൽ തുടർച്ചയായി 12 വർഷമായി നടക്കുന്ന പ്രദർശനം ഇത്തവണ അജ്മാൻ എമിറേറ്റിലെ അൽ തല്ലാ സ്ക്വയറിലാണ് നടക്കുന്നത്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽനിന്നുള്ള ഒട്ടക ഉടമകളുടെ വിപുലമായ പങ്കാളിത്തം ഈ മേളയിലുണ്ടാകും.വിവിധ പ്രായവിഭാഗങ്ങളില്‍ വ്യത്യസ്ത മത്സരങ്ങള്‍ അരങ്ങേറും. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന മേളയോടനുബന്ധിച്ച് ഒട്ടകങ്ങളുടെ ഓട്ടമത്സരം, സൗന്ദര്യമത്സരം തുടങ്ങിയ വിവിധ മത്സരങ്ങളും പൈതൃക കലാമത്സരങ്ങളും അരങ്ങേറും.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി തിങ്കളാഴ്ച മേള സന്ദര്‍ശിച്ചു. ജി.സി.സി മേഖലയുടെ പരമ്പരാഗത പൈതൃകത്തിന്റെ ഭാഗമാണ് ഒട്ടക സൗന്ദര്യ മത്സരങ്ങളെന്നും ഒട്ടകങ്ങളെ വളർത്തുന്നതിൽ ഇമാറാത്തിയുടെ പാരമ്പര്യവും പൈതൃകവും സംരക്ഷിക്കാൻ ഇത്തരം ഉത്സവങ്ങൾ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ രക്ഷാകർതൃത്വത്തെയും നിരീക്ഷണത്തെയും ശൈഖ് ഹുമൈദ് അഭിനന്ദിച്ചു. നിരവധി പ്രമുഖരും മുതിർന്ന ഉദ്യോഗസ്ഥരും ശൈഖ് ഹുമൈദിനെ അനുഗമിച്ചു. മേളയുടെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും ഭരണാധികാരി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.