അബൂദബി: ഈ വര്‍ഷത്തെ എമിറേറ്റിലെ ഒട്ടക മേച്ചില്‍ സീസണ്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 15 വരെയാണ് മേച്ചില്‍ കാലയളവ്. മേച്ചില്‍ ലൈസന്‍സുകള്‍ താം പ്ലാറ്റ്ഫോം വഴി ഡിജിറ്റലായി ഉടനടി ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. 2020ലെ 11ാം നമ്പര്‍ നിയമപ്രകാരം പ്രകൃതിദത്തമായ മേച്ചില്‍പ്പുറങ്ങള്‍ സംരക്ഷിക്കുന്നതിനും സുസ്ഥിരമായ രീതിയില്‍ പരമ്പരാഗത മേച്ചില്‍ രീതികള്‍ നിലനിര്‍ത്തുന്നതിനുമായാണ് പരിസ്ഥിതി ഏജന്‍സി മേച്ചില്‍ സീസണ്‍ ക്രമീകരിച്ചിരിക്കുന്നത്. അല്‍ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും അബൂദബി പരിസ്ഥിതി ഏജന്‍സി ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് ഒട്ടക മേച്ചില്‍ സീസണ്‍ പ്രഖ്യാപിച്ചത്.
പുതിയ ലൈസന്‍സിന് 250 ദിര്‍ഹവും പുതുക്കുന്നതിന് 150 ദിര്‍ഹവുമാണ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്. യു.എ.ഇ. പൗരന്മാര്‍ക്ക് മാത്രമാണ് ലൈസന്‍സിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. അപേക്ഷകര്‍ക്ക് അബൂദബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്‌സ) അംഗീകരിച്ച സാധുവായ ലൈവ്‌സ്റ്റോക്ക് ഇന്‍വെന്‍ററി സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കൂടാതെ, ഒട്ടകങ്ങളെ മേയ്ക്കുന്നതിനായി കുറഞ്ഞത് 18 വയസ് പ്രായമുള്ള മേല്‍നോട്ടക്കാരനെ നിയമിച്ചിരിക്കണമെന്നതും നിര്‍ബന്ധമാണ്.
തുറന്ന മരുഭൂമി പ്രദേശങ്ങളില്‍ മാത്രമാണ് മേച്ചില്‍ അനുവദിക്കുക. വന്യജീവി സങ്കേതങ്ങള്‍, വനങ്ങള്‍, ജനവാസ മേഖലകള്‍, സ്വകാര്യ ഇടങ്ങള്‍, സൈനിക-പെട്രോളിയം കേന്ദ്രങ്ങള്‍, പ്രധാന റോഡുകള്‍ എന്നിവയില്‍ നിന്ന് കുറഞ്ഞത് രണ്ട് കിലോമീറ്റര്‍ അകലം പാലിച്ചിരിക്കണം. പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായി സസ്യങ്ങള്‍ പിഴുതെറിയുന്നതിനോ നശിപ്പിക്കുന്നതിനോ അനുമതിയില്ല. മേച്ചില്‍ പ്രദേശങ്ങളില്‍ വാഹനങ്ങളോ യന്ത്രങ്ങളോ ഉപയോഗിക്കുന്നതിനും മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നതിനും കര്‍ശന നിരോധനമുണ്ട്.
ലഭിച്ച ലൈസന്‍സ് മറ്റൊരാള്‍ക്ക് കൈമാറാന്‍ പാടില്ലെന്നും ലൈസന്‍സ് കാലാവധിയും പരിസ്ഥിതി നിബന്ധനകളും കൃത്യമായി പാലിക്കണമെന്നും അബൂദബി പരിസ്ഥിതി ഏജന്‍സി അധികൃതര്‍ അറിയിച്ചു. അബൂദബിയുടെ സാംസ്‌കാരിക പൈതൃകത്തിന്‍റെ ഭാഗമായ ഒട്ടക വളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പ്രകൃതി സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഉടമകള്‍ സഹകരിക്കണമെന്നും ഏജന്‍സി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.