ബെൽഗ്രേഡിലെ നിക്കോള ടെസ്‌ല വിമാനത്താവളത്തിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാനെ സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുസിച്ച് സ്വീകരിക്കുന്നു

യു.എ.ഇ പ്രസിഡന്റ് സെർബിയയിൽ

ബെൽഗ്രേഡ്: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ ഔദ്യോഗിക സന്ദർശനത്തിന്​ സെർബിയയിലെത്തി. ബെൽഗ്രേഡ് നിക്കോള ടെസ്‌ല വിമാനത്താവളത്തിൽ അദ്ദേഹത്തെ സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുസിച്ച് സ്വീകരിച്ചു. പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്‌പെഷ്യൽ അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ, യു.എ.ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ്​ മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്‌നൂൻ ആൽ നഹ്​യാൻ എന്നിവരും നിരവധി മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ട്.

തുടർന്ന്​ ശൈഖ്​ മുഹമ്മദും സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വൂസിച്ചും ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. യു.എ.ഇയും സെർബിയയും തമ്മിലുള്ള സമഗ്ര സാമ്പത്തിക-സഹകരണ പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തികം, നിക്ഷേപം, വാണിജ്യം, പുനരുപയോഗ ഊർജ്ജം തുടങ്ങിയ പ്രധാന മേഖലകളിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു.

സെർബിയൻ വിദ്യാർഥികൾക്ക് യു.എ.ഇയിലെ പ്രമുഖ സർവകലാശാലകളിൽ ഉന്നതപഠനത്തിനായി സ്കോളർഷിപ്പുകൾ നൽകുമെന്ന് യു.എ.ഇ പ്രസിഡന്റ് യോഗത്തിൽ പ്രഖ്യാപിച്ചു. ശാസ്ത്രം, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും സ്കോളർഷിപ്പ് അനുവദിക്കുക. ഇരുരാജ്യങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ-വിദ്യാഭ്യാസേതര ബന്ധം കൂടുതൽ ദൃഢമാക്കുന്ന ഈ പ്രഖ്യാപനത്തിന് സെർബിയൻ പ്രസിഡന്റ് നന്ദി അറിയിച്ചു.

അടുത്ത വർഷം സെർബിയ ആതിഥേയത്വം വഹിക്കുന്ന ‘എക്സ്പോ 2027’ന്റെ ബെൽഗ്രേഡിലുള്ള മൾട്ടിമീഡിയ കേന്ദ്രവും യു.എ.ഇ പ്രസിഡന്റ് സന്ദർശിച്ചു. അന്താരാഷ്ട്ര എക്സ്പോക്കായുള്ള തയാറെടുപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞ യു.എ.ഇ പ്രസിഡന്‍റ്​, മേളയുടെ വിജയത്തിനായി സെർബിയക്ക് ആശംസ നേർന്നു.

ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിലെ കാഴ്ചപ്പാടുകളും നേതാക്കൾ പങ്കുവെച്ചു. ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ, ശൈഖ്​ മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്‌നൂൻ ആൽ നഹ്യാൻ എന്നിവരുൾപ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

കഴിഞ്ഞ ദിവസം സ്ലൊവാക്യയിൽ ഔദ്യോഗിക സന്ദർശനം നടത്തിയതിന്​ പിന്നാലെയാണ്​ യു.എ.ഇ പ്രസിഡന്റ് സെർബിയയിലെത്തിയത്​. ബ്രാറ്റിസ്​ലാവയിൽ ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാനും സ്ലോവാക് പ്രധാനമന്ത്രി റോബർട്ട് ഫിക്കോയും തമ്മിൽ ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണ സാധ്യതകളും ചർച്ച ചെയ്തു. 

Tags:    
News Summary - UAE President in Serbia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.