അബൂദബി: ബഹിരാകാശത്തേക്ക് പ്രമേഹ ബാധിതനായ യാത്രികനെ അയക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സ്. ഡോ. ഷംഷീർ വയലിൽ, ആക്സിയം സ്പേസ് സി.ഇ.ഒ തേജ്പോൾ ഭാട്ടിയ, മറ്റ് ആഗോള ബഹിരാകാശ, ആരോഗ്യവിദഗ്ധർ എന്നിവരുടെ സാന്നിധ്യത്തിൽ ന്യൂയോർക്കിലെ ബുർജീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിൽ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം. ഇന്ത്യൻ ബഹിരാകാശ യാത്രികനായ ശുഭാൻശു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രക്കിടെ മൈക്രോഗ്രാവിറ്റിയിൽ നടത്തിയ ‘സ്വീറ്റ് റൈഡ്’ പരീക്ഷണത്തിന്റെ പ്രാഥമിക ഫaലങ്ങളാണ് പുതിയ ദൗത്യത്തിന് വഴിയൊരുക്കുന്നത്. ബുർജീൽ ഹോൾഡിങ്സിന്റെയും യു.എസ് ആസ്ഥാനമായുള്ള ആക്സിയം സ്പെയ്സിന്റെയും സംയുക്ത ഗവേഷണമായ ‘സ്വീറ്റ് റൈഡ്’ ആക്സിയം - 4 മിഷന്റെ ഭാഗമായിരുന്നു.
ലോകമെമ്പാടുമുള്ള 500 ദശലക്ഷത്തിലധികം പ്രമേഹ രോഗികൾക്ക് രോഗത്തിന്റെ പരിമിതികളെ മറികടക്കാനുള്ള പ്രതീക്ഷ കൂടിയാണ് ‘സ്വീറ്റ് റൈഡ്’ പരീക്ഷണം. നിലവിൽ പ്രമേഹ രോഗികൾക്ക് ബഹിരാകാശ യാത്ര സാധ്യമല്ല. എന്നാൽ, ‘സ്വീറ്റ് റൈഡ്’ ഫലങ്ങളനുസരിച്ച് കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററിങ് (സി.ജി.എം), ഇൻസുലിൻ പേനകൾ എന്നിവക്ക് ബഹിരാകാശത്തെ ഏറ്റവും തീക്ഷ്ണമായ സാഹചര്യത്തിലും ഫലപ്രദമായി പ്രവർത്തിക്കാൻ സാധിക്കും.
ആദ്യ ഫലങ്ങൾ പ്രകാരം സി.ജി.എം ഉപകരണങ്ങൾ ഭൂമിയിൽ കാണിക്കുന്ന അതേ കൃത്യതയോടെ ബഹിരാകാശത്തും പ്രവർത്തിക്കും. ഇതിലൂടെ മൈക്രോഗ്രാവിറ്റിയിൽ ബഹിരാകാശ യാത്രികരുടെ ഗ്ലൂക്കോസ് നില തത്സമയം നിരീക്ഷിക്കാനും വിവരങ്ങൾ ഭൂമിയിലേക്ക് കൈമാറാമാനും കഴിയും. ബഹിരാകാശ യാത്ര മാത്രമല്ല, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രമേഹരോഗികൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ നൽകാനും ഇതിലൂടെ സാധിക്കുമെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.