ഭാരത് മുരളി നാടകോത്സവത്തിൽ അവതരിപ്പിച്ച ശക്തി തിയറ്റേഴ്സിന്റെ ‘പൊറാട്ടി’ൽ നിന്ന്
അബൂദബി: ജീവിതം പിന്നാമ്പുറത്ത് ഒതുക്കി വെച്ച് ചമയമണിഞ്ഞ് നിറഞ്ഞ ചിരിയോടെ പൊറാട്ട് നാടകം ആടുന്ന അപ്പു ആശാന്റെയും സംഘത്തിന്റെയും വേദനകൾ പ്രേക്ഷകരിലേക്ക് പകർന്നു നൽകിയ ‘പൊറാട്ട്’ ഭരത് മുരളി നാടകോത്സവത്തിൽ ശ്രദ്ധേയമായി.
നിഖിൽ ദാസ് രചനയും സംവിധാനവും നിർവഹിച്ച നാടകം ശക്തി തിയറ്റേഴ്സ് അബൂദബിയാണ് കേരള സോഷ്യൽ സെന്ററിൽ അവതരിപ്പിച്ചത്. അപ്പു ആശാന്റെയും അഭ്യസ്തവിദ്യനായ മകൻ വികാസ് കുമാറിന്റെയും ജീവിതത്തിലെ സംഘർഷങ്ങളിലൂടെ പുറത്താക്കപ്പെട്ടവരുടെ ജീവിതം കാണിച്ച് ഉച്ചത്തിൽ കീഴാളരാഷ്ട്രീയം പറയാനാണ് നാടകം ശ്രമിച്ചത്. നാടകത്തിലെ പ്രധാന കഥാപാത്രമായ അപ്പു ആശാനായി പ്രകാശ് തച്ചങ്ങാട് വേഷമിട്ടപ്പോൾ മകൻ വികാസ് കുമാറായി വേഷമിട്ടത് ശ്രീബാബു പിലിക്കോടാണ്. ആശാന്റെ ഭാര്യയായി അനന്തലക്ഷ്മിയും സുന്ദരേശനായി അഖിലേഷും മാതുവായി ശ്രീഷ്മ അനീഷും വേഷമിട്ടു.
ഷീന സുനിൽ, രജിത് രാഘവൻ, അബ്ദുൽ ഹുസൈൻ, ലക്ഷ്മി, ജിജോ, മുനീറ റായംസ്, മുസ്തഫ, നസീമ, നിഷിത, നിസാബ്, പ്രതിഭ, രാകേഷ്, ഷിബിൻ ഹാഖ്, ഷീല, ശ്രീജിഷ്, ബിയോൺ, നിർമൽ, അൻമിക, ആദികൃഷ്ണ, സാജിദ്, അയാൻ അലി, മർസൂഖ്, രോഹിത്, സായി മാധവ്, ദേവാനന്ദ് എന്നിവർ മറ്റ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. നിജിൽ ദാസ്, അനീഷ ഷഹീർ(സംഗീതം), ധനേഷ് (പ്രകാശവിതാനം), വേണു, അശോകൻ (രംഗസജ്ജീകരണം), ക്ലിന്റ് പവിത്രൻ (ചമയം), നിഖിൽ ദാസ് (വാസ്ത്രാലങ്കാരം) എന്നിവരായിരുന്നു മറ്റ് അണിയറ ശില്പികൾ. ഭരത് മുരളി നാടകോത്സവത്തിലെ നാലാമത്തെ നാടകമായ എമിൽ മാധവിയുടെ ‘പെഡ്രോ-നിശ്ശബ്ദത സംസാരിക്കുന്ന രാത്രി’ ഞായറാഴ്ച രാത്രി എട്ടിന് ഓർമ ദുബൈ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.