ബാബു
ഷാർജ: 1970കളുടെ തുടക്കത്തിൽ കുന്നംകുളം ടൗണിൽ ടാക്സി ഡ്രൈവറായിരുന്ന ബാബു ഇട്ട്യച്ചൻ എന്ന ചെറുപ്പക്കാരന് പ്രവാസത്തോട് വലിയ താൽപര്യമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ 1978ൽ വിവാഹിതനായ ബാബുവിന് ഭാര്യയുടെ അമ്മാവൻ വഴി യു.എ.ഇയിലേക്ക് ഒരു വിസ ഒത്തുവന്നു. രണ്ട് വർഷത്തേക്ക് എന്ന് തീർച്ചയാക്കിയാണ് കാട്ടകാമ്പാൽ പഞ്ചായത്തിലെ പഴഞ്ഞി സ്വദേശിയായ ബാബു പ്രവാസത്തിലേക്ക് കാലെടുത്തുവെക്കുന്നത്.
ഒരു അംബാസഡർ കാറ് സ്വന്തമാക്കാനുള്ള പണം കൈയിലായാൽ മടങ്ങുമെന്ന് സഹപ്രവർത്തകരോട് പങ്കുവെക്കുകയും ചെയ്തു. എന്നാൽ, പ്രവാസം അത്രയൊന്നും എളുപ്പത്തിൽ അദ്ദേഹത്തെ വിട്ടുപോയില്ല. രണ്ടു വർഷത്തേക്ക് വന്നയാൾ 46 വർഷത്തിനുശേഷം ജൂൺ 11 ബുധനാഴ്ചയാണ് തിരികെ യാത്ര പുറപ്പെടുന്നത്.നാലരപ്പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം ബാബുവിന് നിരവധി നല്ല ഓർമകളുടേതാണ്. അതുപേക്ഷിക്കുന്നത് അൽപം വേദനയോടെയുമാണ്. അത്രമേൽ ഹൃദയത്തോട് ചേർത്തുവെച്ച ബന്ധങ്ങളാണ് യു.എ.ഇയിലെ ജീവിതം അദ്ദേഹത്തിന് സമ്മാനിച്ചത്. 1979 ജൂണിൽ ഫിഷർമാൻ വിസയിലാണ് യു.എ.ഇയിൽ എത്തിച്ചേരുന്നത്. പിന്നീട് ഡ്രൈവിങ് ലൈസൻസ് എടുത്ത് നിർമാണ മേഖലയിലുണ്ടായിരുന്ന ബിൻലാദൻ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു.
അബൂദബി ഡിഫൻസ് എയർപോർട്ട്, ഫുജൈറ എയർപോർട്ട്, റാസൽഖൈമയിലെ പാലസ് തുടങ്ങിയവയൊക്കെ നിർമിക്കുന്ന കാലത്ത് കമ്പനിയിൽ ജോലി ചെയ്തു. ആദ്യ കാലത്ത് ടെന്റിലും മറ്റുമൊക്കെയാണ് കഴിഞ്ഞിരുന്നത്. പിന്നീട് കാരവൻ അടക്കമുള്ള സൗകര്യങ്ങൾ ലഭിച്ചു. പഴയകാലത്തെ യു.എ.ഇ വളരെയധികം മാറിക്കഴിഞ്ഞുവെന്ന് ബാബു ഓർത്തെടുക്കുന്നു.കമ്പനിയിലെ ജോലി 10 വർഷത്തിനുശേഷം മാറി. തുടർന്ന് ഷാർജയിൽ ഒരു സ്പോൺസറുടെ കീഴിലായി ജോലി. ആ അർബാബിന്റെ കീഴിൽ 36 വർഷം ജോലി ചെയ്താണ് ഇപ്പോൾ നാട്ടിലേക്ക് മടങ്ങുന്നത്.അർബാബിന്റെ കീഴിൽ ടാക്സി ഡ്രൈവറായാണ് ജോലി തുടങ്ങിയത്. 13 വർഷം ടാക്സി ഓടിച്ചു.പിന്നീട് ടാക്സി സർവിസ് അവസാനിപ്പിച്ചപ്പോഴും സ്പോൺസർ കൂടെ തുടരാൻ ആവശ്യപ്പെടുകയായിരുന്നു. അർബാബുമായും കുടുംബവുമായും വളരെ ഹൃദ്യമായ ബന്ധമാണുണ്ടായിരുന്നത്.
സ്പോൺസറുടെ മക്കൾ ചെറുപ്രായത്തിലായിരിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം ചേർന്നതാണ്. ചെറിയ മക്കളായിരുന്ന അവരെല്ലാം ഇന്ന് വലിയ പദവികളിലെത്തി. അവരെയെല്ലാം സ്കൂളിൽ കൊണ്ടുപോവുകയും തിരിച്ചുകൊണ്ടുവരുകയും ചെയ്യുകയും മറ്റു സേവനങ്ങൾ ചെയ്യുകയും ചെയ്തതിനാൽ എല്ലാവരുമായും നല്ല ബന്ധമാണ്.നാട്ടിലേക്ക് മടങ്ങുന്നതിൽ എല്ലാവരും വിഷമത്തിലാണെന്നും തനിക്കും വിഷമമുണ്ടെന്നും ബാബു പറയുന്നു. ഡ്രൈവർ ജോലിക്കിടയിൽ പ്രത്യേകിച്ച് അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല. ആരോഗ്യ പ്രശ്നം കാരണമാണ് നാട്ടിലേക്ക് പോകുന്നതിന് ഇപ്പോൾ തീരുമാനിച്ചത്.
പ്രവാസ ലോകത്ത് സ്വന്തം നാട്ടുകാരുടെ കൂട്ടായ്മ രൂപപ്പെടുത്താൻ മുൻകൈയെടുത്ത വ്യക്തി കൂടിയാണ് ബാബു. കാട്ടകാമ്പാലിലെ പ്രവാസികളും പ്രവാസം അവസാനിപ്പിച്ചവരുമായ ആളുകളെ ചേർത്ത് 2021ലാണ് കൂട്ടായ്മയുണ്ടാക്കിയത്.കാട്ടകാമ്പാൽ പ്രവാസി കൂട്ടായ്മയിൽ നിലവിൽ 800ഓളം അംഗങ്ങളുണ്ട്. കൂട്ടായ്മയിലെ അംഗങ്ങളുടെ പങ്കാളിത്തത്തിൽ നാട്ടിൽ നാലുനില കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുന്നുണ്ട്.നാട്ടിലെത്തിയാൽ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കാനാണ് ആലോചിക്കുന്നത്. ഭാര്യ: റിട്ട അധ്യാപിക മിനി. മക്കൾ: നിഖി, നിബു(ദുബൈ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.