യാത്രക്കാരുടെ ശ്രദ്ധക്ക്​ : യാത്രക്ക്​ മുമ്പ്​ ഷെഡ്യൂൾ പരിശോധിക്കണം

ദുബൈ: ദുബൈ വിമാനത്താവളത്തിലെ നോർത്തേൺ റൺവേ മേയ് ഒമ്പത് മുതൽ താൽക്കാലികമായി അടക്കുന്നതിനാൽ വിമാന ​ഷെഡ്യൂളുകളിൽ മാറ്റം വന്നേക്കാമെന്ന്​ എയർലൈനുകളുടെ മുന്നറിയിപ്പ്​. നവീകരണത്തിന്‍റെ ഭാഗമായി റൺവേ അടക്കുന്നതിനാൽ ജൂൺ 22 വരെ ചില സർവിസുകൾ ജബൽ അലിയിലെ ദുബൈ വേൾഡ് സെൻട്രലിലേക്കോ (അൽ മക്‌തൂം എയർപോർട്ട്) ഷാർജ വിമാനത്താവളത്തിലേക്കോ ആണ്​ മാറ്റുന്നത്​.

ഈ ദിവസങ്ങളിൽ ടിക്കറ്റ് എടുത്ത യാത്രക്കാർ സമയവും പുറപ്പെടുന്ന വിമാനത്താവളവും ഉറപ്പുവരുത്തണം. നിലവിൽ ടിക്കറ്റെടുത്തവർ ഷെഡ്യൂളുകൾ പുനഃപരിശോധിക്കണം. മറ്റു വിമാനത്താവളത്തിലേക്ക് സർവിസ്​ മാറ്റിയിട്ടുണ്ടെങ്കിൽ എയർലൈനുകളുമായി ബന്ധപ്പെട്ട്​ ടിക്കറ്റ്​ മാറ്റുകയും ചെയ്യണം. സർവിസുകളുടെ മാറ്റം അതത് വിമാനക്കമ്പനികൾ ടിക്കറ്റ് എടുത്ത യാത്രക്കാരെ എസ്.എം.എസ് മുഖേനയോ ഇ-മെയിൽ മുഖേനയോ അറിയിക്കുന്നുണ്ട്. എന്നാൽ, ഇതൊന്നും ശ്രദ്ധിക്കാതെ നേരെ വിമാനത്താവളത്തിൽ എത്തുന്നവരുമുണ്ട്​.

എയർഇന്ത്യ എക്സ്​പ്രസിന്‍റെ ചില സർവിസുകൾ അൽ മക്‌തൂം എയർപോർട്ടിലേക്കും ഷാർജ വിമാനത്താവളത്തിലേക്കും മാറ്റിയതായും ടിക്കറ്റ് മാറ്റിയെടുക്കുന്നതിന്​ എയർഇന്ത്യ സിറ്റി ഓഫിസുകളിലോ ട്രാവൽ ഏജൻസികളെയോ ബന്ധപ്പെടണമെന്നും എയർഇന്ത്യ എക്സ്​പ്രസ്​ അറിയിച്ചു. ​ഫ്ലൈ ദുബൈയുടെ തിരഞ്ഞെടുത്ത ചില സർവിസുകൾ ഈ കാലയളവിൽ അൽ മക്‌തൂം എയർപോർട്ടിൽനിന്നാണ് പുറപ്പെടുക. യാത്ര പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ വിമാനത്താവളങ്ങളെക്കുറിച്ചറിയാൻ ഫ്ലൈ ദുബൈയുടെ വെബ്​സൈറ്റ്​ മുഖേന ടിക്കറ്റുകൾ പരിശോധിക്കണമെന്ന് ഫ്ലൈ ദുബൈയും അറിയിച്ചു. ഇന്ത്യയിലേക്കുള്ള ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, കണക്ഷൻ സർവിസുകളായ ഗൾഫ് എയർ, ഖത്തർ എയർവേയ്സ് തുടങ്ങിയവയുടെ സർവിസുകളിലും മാറ്റം വരുന്നുണ്ട്. നേരത്തെ ടിക്കറ്റ് എടുത്ത യാത്രക്കാർ യാത്ര പുറപ്പെടുന്ന വിമാനത്താവളവും സമയവും ഉറപ്പുവരുത്തിയില്ലെങ്കിൽ യാത്രതന്നെ മുടങ്ങിയേക്കാം.

Tags:    
News Summary - attention of passengers: You should check the schedule before traveling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.