കുട്ടികളുടെ ശ്രദ്ധക്ക്: സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കരുത്

അബൂദബി: സ്‌കൂള്‍ ബസുകളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധതെറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവരുതെന്ന് കുട്ടികള്‍ക്കു നിര്‍ദേശവുമായി അധികൃതര്‍. സ്‌കൂളിലേക്കു വരുമ്പോഴും തിരിച്ചുപോകുമ്പോഴും ഡ്രൈവര്‍മാരെ ശല്യപ്പെടുത്തുകയോ അവരുടെ ശ്രദ്ധതിരിക്കുകയോ ചെയ്യരുതെന്നാണ് വിദ്യാര്‍ഥികള്‍ക്ക് അബൂദബി പൊലീസിന്‍റെ മുന്നറിയിപ്പ്. ഇത് അപകടങ്ങള്‍ക്ക് വഴിവെക്കുമെന്നും പൊലീസ് വിദ്യാര്‍ഥികളെ അറിയിച്ചു.

സ്‌കൂള്‍ ബസിനുള്ളില്‍ വിദ്യാര്‍ഥികള്‍ ഡ്രൈവറോട് കളിതമാശ പറയുകയും ഓടുന്ന വണ്ടിയിലൂടെ നടക്കുകയും ചെയ്യുന്നത് ഡ്രൈവര്‍മാരുടെ ശ്രദ്ധ മാറുന്നതിനു കാരണമാവും. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് നല്ല ശീലം പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യവും പൊലീസ് വിദ്യാര്‍ഥികളെ ഉണര്‍ത്തി.

സംസ്‌കാരമില്ലാത്തതും മോശവുമായ പെരുമാറ്റത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതിന്‍റെ പ്രാധാന്യം മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തണമെന്ന് അല്‍ ഐന്‍ ഗതാഗത വകുപ്പിലെ പബ്ലിക് റിലേഷൻസ് ഡയറക്ടര്‍ മേജര്‍ ഖാലി മുഹമ്മദ് അല്‍ അസീസ് ആവശ്യപ്പെട്ടു. ഓടുന്ന വണ്ടിക്കുള്ളിലൂടെ നടക്കല്‍, ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്ന മറ്റു പെരുമാറ്റങ്ങള്‍ തുടങ്ങിയ ശീലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കുട്ടികളെ ഉപദേശിക്കുകയും ഇത്തരം പെരുമാറ്റങ്ങള്‍ എങ്ങനെ അപകടങ്ങള്‍ക്കു കാരണമാവുമെന്ന് അവരെ ബോധ്യപ്പെടുത്തി നല്‍കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ കുട്ടികളുടെ ഗതാഗതസുരക്ഷ എന്ന മുദ്രാവാക്യത്തില്‍ സംഘടിപ്പിച്ച ദേശീയ കാമ്പയിന്‍റെ ഭാഗമായി അറബ്, ഏഷ്യന്‍ വിഭാഗങ്ങളെ ബോധവത്കരിക്കുന്നതിനായി അബൂദബി പൊലീസ് സംഘടിപ്പിച്ച ചടങ്ങില്‍ സംബന്ധിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികള്‍ ബസില്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നുണ്ട്, സഞ്ചരിക്കുന്ന വാഹനത്തിലൂടെ അവര്‍ സഞ്ചരിക്കുന്നില്ല, സീറ്റില്‍ നില്‍ക്കുന്നില്ല, ബഹളമുണ്ടാക്കുന്നില്ല, ബസിനുള്ളിലെ അപ്‌ഹോള്‍സ്റ്ററി വൃത്തിയായി സൂക്ഷിക്കുന്നുണ്ട്, ബസിലെ വസ്തുക്കള്‍ നശിപ്പിക്കുന്നില്ല, ബസ് ഡ്രൈവറെ അനുസരിക്കുന്നുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് യു.എ.ഇയിലെ സ്‌കൂളുകള്‍ കഴിഞ്ഞമാസം മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു.


Tags:    
News Summary - Attention Children: Do not distract school bus drivers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.