ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് പുരസ്കാരം ഫിലിപ്പീൻസിലെ നഴ്സ് മരിയ വിക്ടോറിയ ജുവാനെക്ക് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പൻ
സമ്മാനിക്കുന്നു
ദുബൈ: ഈ വർഷത്തെ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചു. ഫിലിപ്പീന്‍സ് ആര്‍മി ഹെല്‍ത്ത് സര്‍വിസിലെ കണ്‍സള്‍ട്ടന്റും സായുധസേനയുടെ റിസര്‍വ് ഫോഴ്സ് കേണലുമായ നഴ്സ് മരിയ വിക്ടോറിയ ജുവാനെക്കാണ് പുരസ്കാരം. 2,50,000 ഡോളാറാണ് പുരസ്കാരത്തുക. ബംഗളൂരുവില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ പുരസ്കാരം സമ്മാനിച്ചു. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പനാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്.
വിവിധ മന്ത്രാലയങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥർ, വിശിഷ്ടാതിഥികൾ, ബോളിവുഡ് നടി സൊനാലി ബിന്ദ്രെ, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അലീഷ മൂപ്പന്, ഗവേണന്‍സ് ആൻഡ് കോര്‍പറേറ്റ് അഫയേഴ്സ് എക്സിക്യൂട്ടിവ് ഡയറക്ടറും ഗ്രൂപ് ഹെഡുമായ ടി.ജെ. വില്‍സണ്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ലോകമെമ്പാടുമുള്ള രോഗികള്‍ക്ക് നഴ്സുമാര്‍ നല്കുന്ന അതുല്യ സേവനങ്ങളെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ 2021ലാണ് ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ് ആരംഭിച്ചത്. ഈവർഷം 202 രാജ്യങ്ങളില്‍നിന്നുള്ള 78,000 നഴ്സുമാര്‍ അപേക്ഷ സമർപ്പിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അപേക്ഷകളിൽ 50 ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്.
ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ പ്രത്യേക വിഡിയോ സന്ദേശവും ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ടു. ഏറ്റവും മികച്ച 10 ഫൈനലിസ്റ്റുകള്‍ക്കൊപ്പം ഈ വര്‍ഷം ലഭിച്ച 78,000 അപേക്ഷകരും രോഗികള്‍ക്കും നഴ്സിങ് സമൂഹത്തിനും മികച്ച സംഭാവനകള്‍ നല്കിയവരാണെന്ന് ചടങ്ങിൽ സംസാരിച്ച ഡോ. ആസാദ് മൂപ്പന് വ്യക്തമാക്കി.
മറ്റ് ഒമ്പത് ഫൈനലിസ്റ്റുകളായ ആര്‍ക്കിമിഡിസ് മൊട്ടാരി, ജോണ്‍സി ഇന്നി, ലാര്നി കോണ്ലു ഫ്ലോറന്‍സിയോ, ലിലിയന് നുവാബെയ്ന്, നെല്‍സണ്‍ ബൗട്ടിസ്റ്റാ, നിലിമ പ്രദീപ് കുമാര്‍ റാണെ, മാര്ട്ടിന് ഷിയാവെനാറ്റോ, ഹോയി ഷു യിന്, സില്‍വിയ മേ ഹാംപ്ടണ്‍ എന്നിവര്‍ക്കും സേവന മികവിനുള്ള അവാര്‍ഡുകളും സമ്മാനത്തുകയും ചടങ്ങില്‍ വിതരണം ചെയ്തു.
സ്ക്രീനിങ് ജൂറിയുടെയും ഗ്രാന്‍ഡ് ജൂറിയുടെയും പാനലും ഏണസ്റ്റ് ആൻഡ് യങ് എൽ.എല്‍.പിയും നടത്തിയ കര്‍ശനമായ അവലോകന പ്രക്രിയയിലൂടെയാണ് മികച്ച നഴ്സുമാരുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.