മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി അബൂദബി വെജിറ്റബിൾ ഓയിൽ കമ്പനി (അഡ്വോക്) സന്ദർശിക്കുന്നു
അബൂദബി: രാജ്യത്തെ വിപണിയിൽ വിലസ്ഥിരതയും ആവശ്യമായ സാധനങ്ങളുടെ ലഭ്യതയും ഉറപ്പാക്കുന്നതായി വ്യക്തമാക്കി യു.എ.ഇ സാമ്പത്തികകാര്യ, ടൂറിസം വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി. അബൂദബി വെജിറ്റബ്ൾ ഓയിൽ കമ്പനി (അഡ്വോക്) സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ സംവിധാനവും വിതരണ ശൃംഖലകളും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ തുടരും. വിലസ്ഥിരത ഉറപ്പാക്കുന്നതിനായി വിപണിയിലെ മാറ്റങ്ങൾ മന്ത്രാലയം നിരന്തരം നിരീക്ഷിച്ചുവരുന്നുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷ്യസുരക്ഷ ദേശീയ മുൻഗണനയാണെന്നും അതിൽ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി ഊന്നിപ്പറഞ്ഞു. ദീർഘകാല തന്ത്രങ്ങളിലൂടെ സ്ഥിരതയാർന്ന ഭക്ഷ്യവിതരണ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭക്ഷ്യ വ്യവസായങ്ങൾ, പ്രത്യേകിച്ച് വെജിറ്റബിൾ ഓയിൽ ഉൽപാദനം രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും ഭക്ഷ്യസുരക്ഷക്കും നിർണായകമാണെന്നും അദ്ദേഹം സന്ദർശനത്തിൽ വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങളിൽ ഇത്തരം ദേശീയ കമ്പനികൾ വിപണിയിലെ സ്ഥിരതയും ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ തുടർച്ചയായ ലഭ്യതയും ഉറപ്പാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ എല്ലാ റീട്ടെയിൽ സ്ഥാപനങ്ങളിലും ആവശ്യമായ സാധനങ്ങൾ ലഭ്യമാണെന്ന് മന്ത്രാലയത്തിലെ അസി. അണ്ടർ സെക്രട്ടറി ബദ്രിയ അൽ മൈദൂർ അറിയിച്ചു. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയിൽ പ്രധാന പങ്ക് വഹിക്കുന്ന സ്ഥാപനമാണ് ‘അഡ്വോക്’. വർഷത്തിൽ 2 ലക്ഷം മെട്രിക് ടൺ ഉൽപാദന ശേഷിയും 40,000 മെട്രിക് ടൺ സംഭരണ ശേഷിയുമുള്ള കമ്പനി 17ഓളം ബ്രാൻഡുകളിൽ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.