അബൂദബി: രാജ്യത്തെ വാണിജ്യ ഇടപാടുകളും ബിസിനസ് രംഗത്തെ പ്രതിരോധ ശേഷിയും ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് അബൂദബി ഇൻവെസ്റ്റ് ഓഫിസ്. എമിറേറ്റ്സ് പോസ്റ്റിന്‍റെ പബ്ലിക് ജോയിന്‍റ് സ്റ്റോക്ക് കമ്പനിയായ 7എക്‌സുമായി സഹകരിച്ച് ‘അദീദ്’ എന്ന പേരിലാണ് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്. സംഘർഷ സാഹചര്യങ്ങൾ മൂലം സമ്മർദത്തിലായ വിതരണ ശൃംഖലകളെ പിന്തുണക്കുകയാണ് ലക്ഷ്യം.
വാണിജ്യ നീക്കവുമായി ബന്ധപ്പെട്ടിട്ടുള്ള ഉത്പന്നങ്ങൾ, വ്യവസായ വസ്തുക്കൾ എന്നിവയുടെ നീക്കത്തിന് പുതിയ പ്ലാറ്റ്ഫോം പിന്തുണയേകും. വിപണിയിലെ സാധ്യതകളും വ്യാപാരത്തെ പിന്തുണക്കുന്നതിനുള്ള ശേഷിയും സംയോജിപ്പിച്ചിട്ടുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം വിതരണ ശൃംഖലയുടെ പ്രവർത്തനത്തിന് കൂടുതൽ സുതാര്യത നൽകുന്നതിനൊപ്പം കമ്പനികളുടെ പ്രവർത്തനങ്ങൾക്ക് സുസ്ഥിരത നിലനിർത്താനും സഹായിക്കുമെന്ന് അബൂദബി ഇൻവെസ്റ്റ്മെന്റ് ഓഫിസ് അറിയിച്ചു.
കയറ്റുമതിയുമായും ഉത്പാദന വസ്തുക്കളുമായും ബന്ധമുള്ള വസ്തുക്കളുടെ സുരക്ഷിതമായ നീക്കത്തിലായിരിക്കും പ്ലാറ്റ്ഫോം കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുക. പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളിലുള്ള കര, വ്യോമ, നാവിക മാർഗങ്ങൾ ഏകോപിപ്പിച്ച് ലോജിസ്റ്റിക് നെറ്റ്വർക്കിലൂടെ ബിസിനസ് സംരംഭങ്ങൾക്ക് പ്രവർത്തന പിന്തുണയേകാൻ 7എക്സിന് കഴിയും. വിവിധ രീതിയിലുള്ള തടസ്സ സാധ്യതകൾ നേരിടുന്നതിനായി അബൂദബി ഡിപാർട്ട്മെന്റ് ഓഫ് ഇക്കണോമിക് ഡിപാർട്ട്മെന്റ്, അബൂദബി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, അബൂദബി കസ്റ്റംസ്, അബൂദബി ക്വാളിറ്റി ആൻഡ് കൺഫേമിറ്റി കൗൺസിൽ എന്നിവയെ ഏകോപിപ്പിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.