ദുബൈയിലെ ഡ്രൈവറില്ലാ ടാക്സി

ദുബൈയിൽ രണ്ടിടത്ത്​ ഡ്രൈവറില്ലാ ടാക്സികൾ സർവിസ്​ തുടങ്ങി

ദുബൈ: സ്വയം നിയന്ത്രിത ഗതാഗത സംവിധാനങ്ങളിലേക്കുള്ള ചുവട്​വെപ്പിന്‍റെ ഭാഗമായി ദുബൈയിൽ രണ്ടിടത്ത്​ വാണിജ്യാടിസ്ഥാനത്തിൽ ഡ്രൈവറില്ലാ ടാക്സി സർവിസിന്​ തുടക്കമിട്ട്​ ദുബൈ റോഡ്​ ഗതാഗത ​അതോറിറ്റി (ആർ.ടി.എ). ഉമ്മു സുഖൈം, ജുമൈറ എന്നിവിടങ്ങളിലാണ്​ സർവിസ്​ ലഭ്യമാകുക. സ്വയം നിയന്ത്രിത വാഹന സാ​ങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ മുൻനിരയിലുള്ള അപ്പോളോ ഗോ, വിറൈഡ്​ എന്നിവരുമായി കൈകോർത്താണ്​ പദ്ധതി യാഥാർഥ്യമാക്കുന്നത്​.

വിറൈഡ്​ ടാക്സികൾ ഊബർ ആപ്പ്​ വഴിയും അ​പ്പോളോ ഗോ ടാക്സികൾ അപ്പോളോ ഗോ ആപ്ലിക്കേഷൻ വഴിയും ബുക്ക്​ ചെയ്യാം. ടാക്സി വാഹനങ്ങളുടെ നിയന്ത്രണവും പ്രവർത്തനവും നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം തവാസുൽ ട്രാൻസ്​പോർട്ടിനാണ്​. നൂതനമായ അടിസ്ഥാന സൗകര്യങ്ങളുടെയും ക്രത്യമായ കാഴ്​ച്ചപ്പാടുകളുടെയും പിന്തുണയോടെ ആഗോള തലത്തിൽ സ്വയംനിയന്ത്രിത വാഹന നിർമാതാക്കളുടെ വിപുലീകരണത്തിനുള്ള ദുബൈയുടെ സ്ഥാനം ശക്​തിപ്പെടുത്തുകയാണ്​ പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന്​ ആർ.ടി.എ അറിയിച്ചു.

കൂടാതെ ഭാവി ഗതാഗത മാർഗങ്ങൾ സ്വീകരിക്കുന്നതിൽ ആഗോള മുൻനിര നഗരമെന്ന ദുബൈയുടെ സ്ഥാനം ശക്​തിപ്പെടുത്തുകയും ദുബൈ സെൽഫ്​ ഡ്രൈവിങ് ​ട്രാൻസ്​പോർട്ട്​​ സ്​ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്ക്​ സംഭാവന നൽകുകയും ചെയ്യും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ദുബൈയിൽ 100 ​​ഡ്രൈവറില്ലാ ടാക്സികൾ പുറത്തിറക്കും.

വരും വർഷങ്ങളിൽ ഇവയുടെ എണ്ണം ക്രമേണ വർദ്ധിപ്പിക്കാനുള്ള പദ്ധതികളും ആലോചനയിലാണ്​. ഉയർന്ന സുരക്ഷ മാർഗനിർദേശങ്ങൾ അനുസരിച്ച്​ എമിറേറ്റിലെ റോഡുകളിൽ ഡ്രൈവറില്ലാ വാഹനങ്ങളെ ഉൾകൊള്ളുന്നതിനുള്ള സന്നദ്ധത ഉറപ്പുവരുത്താനും പുതിയ സംവിധാനങ്ങളുടെ പ്രകടനം വിലയിരുത്താനും ലക്ഷ്യമിട്ട്​ നിയുക്​ത റോഡുകളിൽ ​​ഡ്രൈവറില്ല വാഹനങ്ങളുടെ പരീക്ഷണ ഓട്ടം ആർ.ടി.എ നേരത്തെ പൂർത്തിയാക്കിയിരുന്നു. നിർമിത ബുദ്ധിയിലധിഷ്​ഠിതമായ നൂതന സെൻനിങ്​ സാ​ങ്കേതിക വിദ്യകൾ, സ്വയം തീരുമാനമെടുക്കാൻ കഴിയുന്ന സംവിധാനങ്ങൾ എന്നിവ സംയോജിപ്പിച്ച സംവിധാനങ്ങളുടെ പിന്തുണയിലാണ്​ ഡ്രൈവറില്ലാ ടാക്സികൾ സർവിസ്​ നടത്തുക.

Tags:    
News Summary - Driverless taxis begin service in two locations in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.