ഉമ്മയില്ലാത്ത മക്കളെയും കൂട്ടി ഗതിയറിയാതെ വയോധികന്‍

അജ്മാന്‍: ജീവിതഗതിയില്‍ വഴിമുട്ടിപ്പോയ മുംബൈ സ്വദേശി  എഴുപതുകാരന്‍  ആമിര്‍ ദോസ്ത് ഖാന്‍ ചോദിക്കുന്നു ഞാന്‍ ഇനി എന്ത് ചെയ്യുമെന്ന്. അജ്മാന്‍^ഷാര്‍ജ അതിര്‍ത്തിയിലെ താമസ സ്​ഥലത്ത്​ ജീവിതം കഴിച്ചു കൂട്ടുന്ന  ഇദ്ദേഹത്തിന് പതിനാറു വര്‍ഷത്തിലേറെയായി  വിസയില്ല.  രണ്ടര വര്‍ഷം മുമ്പ്​ മരണപ്പെട്ട ഭാര്യ ഷാമിനയെ ഇവിടെ തന്നെ മറമാടി. ഏറെ കാലം ഷാര്‍ജയിലെ സ്കൂളില്‍ ടീച്ചറായിരുന്ന അവർ ജോലി നഷ്ടപ്പെട്ടപ്പോഴും ട്യൂഷനെടുത്ത് കുടുംബം പുലര്‍ത്തിയിരുന്നു. ഭാര്യയുടെ മരണത്തോടെ  ആമിര്‍  ആകെ ദുരിതത്തിലായി.  ആറു മക്കളാണ് ആമിറിന്.

മൂത്ത രണ്ടു പെണ്‍കുട്ടികളും താഴെ നാലു ആണ്‍കുട്ടികളും. ഭാര്യക്ക് മതിയായ താമസ രേഖകള്‍ ഇല്ലാതിരുന്നതിനാല്‍ പതിനാറും പതിമൂന്നും വയസായ  അവസാനത്തെ രണ്ട് കുട്ടികളെ വീട്ടില്‍ തന്നെയാണ് പ്രസവിച്ചതെന്ന് ആമിര്‍ പറയുന്നു.   ഇവര്‍ക്ക് പാസ്പോര്‍ട്ടോ വിസയോ  ഇന്ത്യക്കാരെന്ന് തെളിയിക്കാനുള്ള ഏ​െതങ്കിലുമൊരു രേഖയോ ഇല്ല.  ഇതുവരെ സ്കൂളിന്‍റെ പടിയും കണ്ടിട്ടില്ല. പ്രായാധിക്യം മൂലം ആമിറിന് ജോലിക്ക് പോകാന്‍ കഴിയാതായി. ഇതിനിടക്കാണ്​ഭാര്യയുടെ മരണം. രണ്ടു പെണ്മക്കളും ഒരു മകനും നാട്ടിലാണ്. ഇവിടെയുള്ള മൂന്ന്‍ പേരില്‍ ഒരാള്‍ക്ക് വിസ തീര്‍ന്നിട്ട് കുറെയായി. 2007 ല്‍  പുതുക്കിയ പാസ്പോര്‍ട്ട് മാത്രമാണ് ആമിറി​​​​െൻറ കയ്യിലുള്ളത്.

ഭാര്യ മരണപ്പെട്ടതോടെ പഴയ വിസയുള്ള  പാസ്പോര്‍ട്ട് എവിടെയോ നഷ്ടപ്പെട്ടതായി ഇദേഹം പറയുന്നു. ജീവിത സായാഹ്നത്തില്‍ ഈ കുട്ടികളെയും കൊണ്ട് നാട്ടിലെത്തിയാല്‍ മതിയെന്നാണ് ആമിറി​​​​െൻറ അവസാനത്തെ ആഗ്രഹം. താമസ സ്ഥലത്തെ വൈദ്യുതിയും വെള്ളവും നിലച്ച് പോയിട്ട് കുറെയായി. വല്ലവരും നല്‍കുന്ന ഭക്ഷണം പരസ്പരം പങ്കിട്ടു കഴിക്കും. ഇതുവരെ തണുപ്പു കാലമായിരുന്നതിനാല്‍ വലിയ കുഴപ്പമില്ലാതെ കഴിഞ്ഞെന്ന് ആമിര്‍ പറയുന്നു. ചൂട് കൂടിവരുന്നതോടെ വീടിനു പുറത്തുള്ള മരച്ചുവട്ടിലെ ബഞ്ചിലാണ് ഈ വയോധിക​​​​െൻറ ഉറക്കം.

അകപ്പെട്ടു പോയ ദുരിതത്തില്‍ നിന്ന്​ എങ്ങിനെ മോചനം നേടുമെന്ന്   ഈ മനുഷ്യന് പിടിയില്ല. ഇവരുടെ ദുരിതകഥയറിഞ്ഞ്​ ഇന്ത്യന്‍  കോണ്‍സുലേറ്റി​​​​െൻറ നിര്‍ദേശപ്രകാരം   സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ്‌ താമരശേരിയും എസ്.എന്‍.ഡി.പി. യു.എ.ഇ ഘടകം വൈസ് ചെയര്‍മാന്‍ പ്രസാദും  വിഷയത്തില്‍ ഇടപെട്ടിരുന്നു. കേരളത്തിലെ പാനൂരുള്ള മകളുടെ അടുത്തേക്ക് പോകാനാണ്​  ആമിറി​​​​െൻറ ആഗ്രഹം. എന്നാല്‍  രണ്ടു കുട്ടികള്‍ക്ക് യാതൊരു തിരിച്ചറിയല്‍  രേഖയുമില്ലാത്തത് സഹായിക്കാന്‍ ചെന്നവരെയും കുഴക്കുകയാണ്. 

Tags:    
News Summary - amir dostha khan-ajman-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.