അൽ ഇബ്തിസാമ സ്കൂൾ ആറാം വാർഷികദിനാഘോഷ ചടങ്ങ്
ഷാർജ: ഇന്ത്യൻ അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന നിശ്ചയദാർഢ്യ വിഭാഗക്കാർക്ക് വേണ്ടിയുള്ള പ്രത്യേക സ്കൂളായ അൽ ഇബ്തിസാമയുടെ ആറാം വാർഷികദിനാഘോഷം സംഘടിപ്പിച്ചു. ഷാർജയിൽ നിശ്ചയദാർഢ്യക്കാർക്കുള്ള വിദ്യാഭ്യാസവും തെറപ്പി സൗകര്യങ്ങളും കൂടുതൽ ആളുകളിലേക്കെത്തിക്കുന്നതിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പുതിയ കർമപദ്ധതികളുമായി തയാറാണെന്നും അതിനു സഹായം ചെയ്യുന്ന ഷാർജ ഭരണാധികാരികളെ പ്രത്യേകം അഭിനന്ദനം അറിയിക്കുന്നുവെന്നും ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. പ്രത്യേക പരിഗണന അർഹിക്കുന്ന 80ഓളം വിദ്യാർഥികളാണ് അൽഇബ്തിസാമയിലുള്ളത്. പരിഷ്കരണത്തിന്റെ ഭാഗമായി 4-13 വയസ്സുള്ള കുട്ടികൾക്ക് പത്തോളം അധിക സീറ്റുകൾ ലഭിച്ചതായും അഡ്മിഷനുവേണ്ടി അൽ ഇബ്തിസാമയിൽ (06-5277007) ബന്ധപ്പെടാമെന്നും ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് അറിയിച്ചു.
വാർഷികാഘോഷത്തിന്റെ ഭാഗമായി 2024-25 വർഷത്തെ വാർഷിക റിപ്പോർട്ട് അൽ ഇബ്തിസാമ സ്കൂൾ പ്രിൻസിപ്പൽ ഇർഷാദ് ആദം അവതരിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ആശംസകളർപ്പിച്ചു. നിശ്ചയദാർഢ്യക്കാരായ കുട്ടികളെ പരിപാലിക്കുന്ന ജീവനക്കാരെ മാനേജ്മെൻറ് അഭിനന്ദിച്ചു. സ്കൂൾ ഓപറേഷൻസ് മാനേജർ ബദ്രിയ അൽ തമീമി, ജോ. ട്രഷറർ പി.കെ റെജി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അബ്ദുമനാഫ്, പ്രഭാകരൻ പയ്യന്നൂർ, നസീർ കുനിയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.