സായിദ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന അൽ
ബദർ ഗ്രാൻഡ് മീലാദുന്നബി ആഘോഷം
ഫുജൈറ: ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖിയുടെ രക്ഷാകർതൃത്വത്തിൽ മൂന്നു ദിവസമായി നടന്ന അൽ ബദർ ഗ്രാൻഡ് മീലാദുന്നബി ആഘോഷം സമാപിച്ചു. സായിദ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന പരിപാടിയിൽ ആയിരങ്ങൾ പങ്കെടുത്തു. വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരടക്കം നിരവധി പ്രമുഖർ സംബന്ധിച്ചു. നബിദിനത്തോടനുബന്ധിച്ച് രാജ്യത്ത് നടന്ന ഏറ്റവും വലിയ സംഗമമായി അൽ ബദർ മീലാദുന്നബി ആഘോഷം മാറി.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സന്ദേശം നൽകി. നബിയുടെ ജീവിതവും മനുഷ്യത്വവും മാനവികതയും ഉയർത്തിപ്പിടിക്കുന്നുവെന്നും പ്രവാചക സ്നേഹവും കാരുണ്യവും ആർദ്രതയും പ്രചരിപ്പിക്കുന്നതിന് കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖിയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങൾ ഉന്നതമാണെന്നും അദ്ദേഹം പറഞ്ഞു.
മഅദിൻ ചെയർമാനും കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയുമായ ഇബ്രാഹിം ഖലീൽ അൽ ബുഖാരി, കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി എന്നിവർ സംസാരിച്ചു. സ്വാദിഖ് ഫാളിലി ഗൂഡല്ലൂരിന്റെ നേതൃത്വത്തിൽ അൽ ബുർദ ഗ്രൂപ് തത്സമയ പരിപാടികൾ ഒരുക്കി. ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയുമായി ഫുജൈറ കിരീടാവകാശി കൂടിക്കാഴ്ച നടത്തി. കേരളവും അറബ് സമൂഹവും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ പ്രകാശിപ്പിക്കുന്നതിനും പുതിയ തലമുറകളിലേക്ക് കൈമാറുന്നതിനും ശ്രമങ്ങളുണ്ടാവണമെന്ന് ഫുജൈറ കിരീടാവകാശി വ്യക്തമാക്കി. അൽ ബദർ അവാർഡിന്റെ രണ്ടാം പതിപ്പിൽ വിജയിച്ച, യോഗ്യത നേടിയ സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ആർട്ട് എക്സിബിഷൻ ഒക്ടോബർ 20 വരെ നടക്കും. കവിത, പെയിന്റിങ്, മൾട്ടിമീഡിയ, അറബിക് കാലിഗ്രഫി എന്നീ നാലു വിഭാഗങ്ങളിൽ 10 ലക്ഷം ദിർഹമാണ് സമ്മാനമായി നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.