എ.കെ.എം.ജി ‘ബീറ്റ് ദ ഹീറ്റ്’ കാമ്പയിൽ സമാപന സമ്മേളന ചടങ്ങ്
ദുബൈ: അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ആൻഡ് ഡെന്റൽ ഗ്രാജ്വേറ്റ്സ്(എ.കെ.എം.ജി എമിറേറ്റ്സ്) നടത്തിയ ‘ബീറ്റ് ദ ഹീറ്റ്’ കാമ്പയിൻ വേനൽക്കാല ആരോഗ്യ ബോധവത്കരണം മാതൃകാപരമാണെന്ന് ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ. ദുബൈ വെല്ലിങ്ടൺ ഇൻറർനാഷനൽ സ്കൂളിൽ നടന്ന 2025ലെ വേനൽക്കാല ആരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങളുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള വേനൽക്കാല മാസങ്ങളിൽ കോൺസുലേറ്റുമായും വിവിധ സാമൂഹിക സംഘടനകളുമായും സഹകരിച്ചാണ് പ്രവർത്തനങ്ങൾ നടന്നത്. യു.എ.ഇ സർക്കാറിന്റെ ‘ഇയർ ഓഫ് ദ കമ്യൂണിറ്റി’ എന്ന പദ്ധതിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൂടിയാണ് പദ്ധതി രൂപകൽപന ചെയ്തത്. വേനൽക്കാലത്ത് തുറന്ന ഇടങ്ങളിൽ ജോലിയെടുക്കുന്ന 5000ത്തിൽ കൂടുതൽ ആളുകൾ ഈ പ്രവർത്തനങ്ങളുടെ ഉപഭോക്താക്കളായി.
എ.കെ.എം.ജി പ്രസിഡന്റ് ഡോ. സുഗു മലയിൽ കോശി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. എ.കെ.എം.ജി സ്ഥാപക പ്രസിഡന്റ് ഡോ. ആസാദ് മൂപ്പൻ, ഡോക്ടർമാരായ സിറാജുദ്ദീൻ മൊയ്തീൻ അബ്ദുൽ ലത്തീഫ്, ഷൺമുഖൻ പിള്ള, അഹമ്മദ് തോട്ടിയിൽ, മുഹമ്മദ് കാസിം, ഹലീമ, പി.എം.എം സെയ്ദ്, സി.ഐ ജോസഫ്, നസീം അഹമ്മദ് എന്നിവരെ കോൺസുൽ ജനറൽ ചടങ്ങിൽ ആദരിച്ചു. ‘ബീറ്റ് ദ ഹീറ്റ്’ കാമ്പയിനിൽ വിവിധ റീജ്യനിൽ നിന്ന് സന്നദ്ധ പ്രവർത്തകർക്ക് നേതൃത്വം നൽകിയവരെയും ആദരിച്ചു. ദുബൈ റീജ്യൻ അധ്യക്ഷ ഡോ.നിത സലാം, ഡോ.നിർമല രഘുനാഥൻ, പ്രേമ എബ്രഹാം, പങ്കജം ഇന്ദ്രജിത്ത്, നയീം മൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു. ദുബൈ റീജ്യനിലെ ഡോക്ടർമാരുടെ ഓണാഘോഷവും കലാപരിപാടികളും ഡോക്ടർമാരായ ബിന്ദു സുരേഷ്, ആരിഫ് കണ്ടോത്ത്, സൗമ്യ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറി.
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ ബോധവത്കരണം, മാനസികാരോഗ്യ ബോധവത്കരണം തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ കോൺസുലേറ്റുമായും ഇതര സാമൂഹിക സംഘടനകളുമായും ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് ഡോ.സുഗു മലയിൽ കോശി, ഭാരവാഹികളായ ഡോ. ഫിറോസ് ഗഫൂർ, ഡോ. ജമാലുദ്ദീൻ അബൂബക്കർ, ഡോ.സണ്ണി കുര്യൻ, ഡോ.സിറാജുദ്ദീൻ മൊയ്തീൻ, ഡോ. സഫറുല്ല ഖാൻ തുടങ്ങിയവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.