അജ്മാൻ: റിയൽ എസ്റ്റേറ്റ് മേഖലയില്‍ മികച്ച നേട്ടം കൈവരിച്ച് അജ്മാൻ. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇടപാടുകളിൽ 24.3 ശതമാനം വർധന രേഖപ്പെടുത്തി. കഴിഞ്ഞ മാസം 189 ഇടപാടുകളിലൂടെ ആകെ 446.8 ദശലക്ഷം ദിര്‍ഹം ഇടപാടുകള്‍ നടന്നതായി അജ്മാൻ ലാന്‍ഡ്, റിയൽ എസ്റ്റേറ്റ് നിയന്ത്രണ വകുപ്പിന്റെ ഡയറക്ടർ ജനറൽ എൻജിനീയർ ഉമർ ബിൻ ഉമൈർ അൽ മുഹൈരി പറഞ്ഞു. റെസിഡൻഷ്യൽ, വാണിജ്യ, വ്യവസായിക, കാർഷിക സ്വത്തുക്കളുടെ ഇടപാടുകളാണ് ഇതിൽ ഉൾപ്പെടുത്തിയത്.
മൊത്തം ഇടപാടുകളിൽ ഏറ്റവും വലിയ പങ്ക് റെസിഡൻഷ്യൽ പ്രോപ്പർട്ടികളാണെന്നും വാണിജ്യ സ്വത്തുക്കൾ 180 ദശലക്ഷം കവിഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫെഡറൽ കോംപറ്റിറ്റീവ്നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ പുറത്തിറക്കിയ സെക്യൂരിറ്റി ക്വാളിറ്റി ഓഫ് ലൈഫ് സർവേയുടെ ഫലങ്ങൾ പ്രകാരം അജ്മാന് മികച്ച സുരക്ഷയുള്ള എമിറേറ്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
2024ൽ അബൂദബിക്കൊപ്പം നൂറുശതമാനം സ്കോറോടെ പകൽ സമയത്ത് സുരക്ഷിതത്വം തോന്നുന്നതിൽ അജ്മാൻ ഒന്നാം സ്ഥാനത്തെത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അജ്മാൻ ദാറുൽ അമന്റെ കീഴില്‍ സ്മാർട്ട് സെക്യൂരിറ്റി മോണിറ്ററിങ് സംവിധാനത്തിലും നൂതന സാങ്കേതികവിദ്യയിലും നിർമിതബുദ്ധിയിലും നിക്ഷേപം നടത്തിയത്, സ്മാർട്ട് ഗേറ്റുകൾ ആരംഭിച്ച് പ്രകടനം മെച്ചപ്പെടുത്തിയത്, പട്രോളിങ്ങുകളുടെ സുരക്ഷാ വിന്യാസം, അടിയന്തര സാഹചര്യങ്ങളോട് ഫലപ്രദവും വേഗത്തിലുള്ളതുമായ പ്രതികരണ സംവിധാനങ്ങൾ വികസിപ്പിക്കൽ, എന്നിവയിലൂടെ പൊലീസ് നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് ദേശീയ സൂചികയിൽ നേട്ടം കൈവരിക്കാനായതെന്ന് അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു. മികച്ച സുരക്ഷാ സംവിധാനങ്ങളാണ് റിയല്‍ എസ്റ്റേറ്റടക്കമുള്ള മേഖലകളില്‍ മികച്ച നേട്ടം കൈവരിക്കാന്‍ അജ്മാന് കഴിയുന്നതെന്ന് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.