റാസല്‍ഖൈമയില്‍ എയര്‍ ടാക്സി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ധാരണപത്രത്തില്‍ ഒപ്പുവെച്ച ജോബി ഏവിയേഷന്‍, സ്കൈപോര്‍ട്ട്സ്, റാക്ട മേധാവികളും മുതിര്‍ന്ന ഉദ്യോഗസ്ഥരും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയോടൊപ്പം
റാസല്‍ഖൈമ: ദുബൈ, അബൂദബി, ഷാർജ, അജ്മാൻ എമിറേറ്റുകൾക്ക് പിന്നാലെ റാസൽഖൈമയും ‘പറക്കും ടാക്സി’ സര്‍വിസ് പ്രഖ്യാപിച്ചു. 2027ഓടെ സർവിസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യു.എസ് കമ്പനിയായ ജോബി ഏവിയേഷനും യു.കെ സ്കൈപോര്‍ട്ട്സ് ഇന്‍ഫ്രാസ്ട്രക്ച്ചറും ഇതുമായി ബന്ധപ്പെട്ട ധാരണപത്രത്തില്‍ ഒപ്പുവെച്ചു. ജോബി ഏവിയേഷന്‍ സി.ഇ.ഒയും സ്ഥാപകനുമായ ജോബെന്‍ ബെവിര്‍ട്ട്, സ്കൈപോര്‍ട്ട്സ് സി.ഇ.ഒ ഡങ്കന്‍ വാക്കര്‍ എന്നിവര്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്.
സഖര്‍ ബിന്‍ മുഹമ്മദ് സിറ്റിയില്‍ ശൈഖ് സഊദിന്റെ കൊട്ടാരത്തിലായിരുന്നു ചടങ്ങുകൾ. റാക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (റാക്ട) ഡയറക്ടര്‍ ജനറലും റാക് സിവില്‍ ഏവിയേഷന്‍ വകുപ്പ് ആക്ടിങ് ഡയറക്ടര്‍ ജനറലുമായ എൻജിനീയര്‍ ഇസ്മായില്‍ ഹസന് അല്ബലൂഷിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.
പദ്ധതി യാഥാർഥ്യമായാൽ ദുബൈ വിമാനത്താവളത്തില്‍നിന്ന് റാക് അല്‍ മര്‍ജാന്‍ ഐലന്റിലേക്ക് യാത്രാ സമയം 15 മുതൽ 18 മിനിറ്റായി കുറയും.
റാസല്‍ഖൈമയിലെ പ്രധാന വിനോദകേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും പറക്കും ടാക്സികളുടെ സർവിസ്. റാക് വിമാനത്താവളം, അല്‍ മര്‍ജാന്‍ ഐലന്റ്, ജസീറ അല്‍ ഹംറ, ജബല്‍ ജെയ്സ് തുടങ്ങിയ നാല് കേന്ദ്രങ്ങളിലാണ് വെര്ട്ടി പോര്‍ട്ടുകള്‍ നിര്‍മിക്കുക. റാക്ട, റാക് ടി.ഡി.എ, സ്കൈപോര്‍ട്സ് സംയുക്ത സഹകരണത്തിലാകും ഇവയുടെ രൂപകൽ പനയും നിർമാണവും. വെർട്ടിപോർട്ടുകളുടെ വികസനം, വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിങ് എന്നിവയിൽ റാക്ട സ്കൈ പോർട്ടുകളുടെ പങ്കാളിത്തം വിജയകരമായിരുന്നു.
മികച്ച ജീവിതം, തൊഴില്‍, വിനോദം, നിക്ഷേപം എന്നിവക്കുള്ള ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയില്‍ റാസല്‍ഖൈമയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്താൻ എയർ ടാക്സികൾ പിന്തുണ നൽകുമെന്ന് ശൈഖ് സഊദ് അഭിപ്രായപ്പെട്ടു. നൂതനവും സുസ്ഥിരവുമായ മൊബിലിറ്റി സൊല്യൂഷനകളിലൂടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള യു.എ.ഇയുടെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതുമാണ് സംരംഭം. എമിറേറ്റിന്റെ ശോഭന ഭാവിയിലേക്കുള്ള കുതിച്ചുചാട്ടമാണ് സംരംഭമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.