ദുബൈ: എയർ ഇന്ത്യയുടെ പിന്മാറ്റത്തോടെ നാട്ടിലെത്താനാകാതെ പ്രതിസന്ധിയിലായ കിടപ്പുരോഗികൾക്ക് സ്ട്രെച്ചർ സംവിധാനമൊരുക്കി മറ്റ് ഇന്ത്യൻ സ്വകാര്യ വിമാനക്കമ്പനികൾ. ഗോ ഫസ്റ്റ് എയർലൈൻ വഴി യു.എ.ഇയിൽനിന്നുള്ള ആദ്യ കിടപ്പുരോഗിയെ കേരളത്തിലെത്തിച്ചു. എയർ ഇന്ത്യ വഴി നാട്ടിലെത്തിക്കാൻ മൂന്നു തവണ അപേക്ഷ നൽകിയിട്ടും നിരാകരിക്കപ്പെട്ട രോഗിയെയാണ് ഗോ ഫസ്റ്റ് വഴി കൊണ്ടുപോയത്. എറണാകുളം സ്വദേശിയായ രോഗിയെ അബൂദബി-കൊച്ചി വിമാനത്തിൽ ബുധനാഴ്ച പുലർച്ചയാണ് നാട്ടിലെത്തിച്ചത്.
അടുത്ത ദിവസങ്ങളിലായി ഗോ ഫസ്റ്റിന് പുറമെ മറ്റു ചില എയർലൈനുകളും ഇത്തരത്തിൽ രോഗികളെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. എയർ ഇന്ത്യ വിമാനം നിർത്തലാക്കിയതോടെ സ്ട്രെച്ചർ സൗകര്യം നിലച്ച വാർത്ത ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെ വിവിധ പ്രവാസി സംഘടനകൾ മുഖ്യമന്ത്രിക്കും നോർക്കക്കും എയർ ഇന്ത്യക്കും മറ്റ് എയർലൈനുകൾക്കും കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മറ്റ് ഇന്ത്യൻ വിമാനക്കമ്പനികളും ഈ സംവിധാനം ഏർപ്പെടുത്താൻ മുന്നോട്ടുവന്നത്.
ഇന്ത്യൻ എംബസിയുടെ അനുമതിയോടെയും സഹായത്തോടെയുമാണ് ഗോ ഫസ്റ്റിൽ രോഗിയെ നാട്ടിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായ രോഗിയെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് എംബസി എയർ ഇന്ത്യയെ സമീപിച്ചിരുന്നു. എന്നാൽ, ഇത് നടക്കാത്തതിനെ തുടർന്നാണ് ഗോ ഫസ്റ്റ് ഏറ്റെടുത്തത്.
രോഗിയുടെ ബന്ധുക്കൾ സന്ദർശക വിസയിൽ യു.എ.ഇയിൽ എത്തിയിരുന്നു. ഇവരുടെ വിസ കാലാവധി കഴിഞ്ഞിരുന്നു. ഇവരെയും നാട്ടിലേക്കയക്കാൻ എംബസിയുടെയും എയർലൈൻ അധികൃതരുടെയും ഇടപെടലുണ്ടായി. മേയ് രണ്ടിന് അബൂദബിയിൽനിന്ന് കൊച്ചിയിലേക്കും അഞ്ചിന് കണ്ണൂരിലേക്കും കിടപ്പുരോഗികളെ ഗോ ഫസ്റ്റ് വഴി അയക്കും. 13,000 ദിർഹം മുതൽ 15,000 ദിർഹം വരെയാണ് ഈ സേവനത്തിന് ഈടാക്കുന്നത്.
ഗൾഫിൽനിന്ന് ഇതുവരെ മൂന്നു രോഗികളെയാണ് ഗോ ഫസ്റ്റ് വഴി നാട്ടിലെത്തിച്ചത്. നേരത്തേ കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽനിന്ന് രോഗികളെ എത്തിച്ചിരുന്നു. അടുത്തിടെയാണ് ഗോ ഫസ്റ്റിന്റെ ഈ സേവനത്തിന് അനുമതി ലഭിച്ചതെന്നും വരും ദിവസങ്ങളിൽ കൂടുതൽ കിടപ്പുരോഗികൾക്കായി സേവനം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗോ ഫസ്റ്റ് സെയിൽസ് മാനേജർ ജിയാസ് അഹ്മദ് വ്യക്തമാക്കി. ഒമ്പതു സീറ്റുകൾ മാറ്റിവെച്ചാണ് ഒരു രോഗിക്ക് സൗകര്യമൊരുക്കുന്നത്. ഇതിനായി ഒരു മണിക്കൂറോളം അധിക സമയം വേണ്ടിവരുന്നുണ്ട്. ഇത് മറ്റു യാത്രക്കാരെ ബാധിക്കാത്ത രീതിയിലാണ് ക്രമീകരണം. സ്ഥാപനത്തിന്റെ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സേവനം നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു.
യു.എ.ഇയിൽനിന്ന് കേരളത്തിലേക്ക് എയർ ഇന്ത്യയുടെ വലിയ വിമാനങ്ങൾ സർവിസ് നിർത്തിയതോടെ കിടപ്പുരോഗികൾ പ്രതിസന്ധിയിലായിരുന്നു. സ്ട്രെച്ചർ സംവിധാനം വഴി അടിയന്തരമായി നാട്ടിലെത്തിക്കേണ്ട നിരവധി പേരാണ് നാടണയാനാകാതെ കഴിയുന്നത്. മാസത്തിൽ 15-20 രോഗികളെ സ്ട്രെച്ചർ സംവിധാനം വഴി നാട്ടിലെത്തിച്ചിരുന്ന സ്ഥാനത്ത് ഗുരുതര രോഗം ബാധിച്ചവരെപ്പോലും നാട്ടിലേക്കയക്കാൻ കഴിയാത്ത അവസ്ഥയാണ്.
എയർ ഇന്ത്യയുടെ വലിയ വിമാനങ്ങളിലും എമിറേറ്റ്സ് എയർലൈനിലുമാണ് കേരളത്തിലേക്ക് കിടപ്പിലായ രോഗികളെ അയച്ചിരുന്നത്. എയർ ഇന്ത്യയിൽ 11,000-13,000 ദിർഹം (2.40-2.85 ലക്ഷം രൂപ) ചെലവാകുമ്പോൾ എമിറേറ്റ്സിൽ 38,000-40,000 ദിർഹമാണ് (8.40-8.80 ലക്ഷം രൂപ) ചെലവാകുന്നത്.
നിർധനരായ പ്രവാസികൾക്ക് ഇത്ര വലിയതുക താങ്ങാനാകാത്തതിനാൽ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ എയർ ഇന്ത്യയിൽ അയക്കുന്നതായിരുന്നു പതിവ്. മറ്റ് ഇന്ത്യൻ വിമാനക്കമ്പനികൾകൂടി ഈ സംവിധാനം ഏറ്റെടുക്കുന്നതിനു പുറമെ എയർ ഇന്ത്യയും സംവിധാനം പുനഃസ്ഥാപിച്ചാൽ രോഗികൾക്ക് ആശ്വാസമായി നിരക്കിളവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.